
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് അവരെ സമൂഹത്തിൻ്റെ മൂഖ്യധാരയിൽ എത്തിക്കാൻ, കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബിച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ശിശുക്ഷേമസമതിയുടെ അമ്മത്തൊട്ടിലിൽ ഒരു ആൺകുഞ്ഞ് കൂടി എത്തി. ചൊവാഴ്ച രാത്രി ഒൻപത് മണിക്കാണ് 2.970 കി.ഗ്രാം ഭാരവും 5 ദിവസം പ്രായവും ഉള്ള അതിഥിയുടെ വരവ്. ഈ അമ്മത്തൊട്ടിലിലെ ഏഴാമത്തെ കുരുന്നാണ്. അതിഥിക്ക് “ആഗ്നേയ്” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
കുരുന്നിൻ്റെ വരവറിയിച്ചു കൊണ്ട് പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇൻ്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്. ആദ്യമെത്തിയ ആൾക്ക് ആദിയെന്നും, രണ്ടാമത്തെയാൾക്ക് ഹെർത്ത്യൂസ് എന്നും പേരിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെൺ കരുത്തിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തി നിലാവ് എന്നും പേരിട്ടിരുന്നു. തുടർന്നായിരുന്നു ആരവിൻ്റെയും നിരവിൻ്റെയും വരവ്. തുടർന്ന് കനിവ് എത്തി. ശേഷം ആഗ്നേയും. പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

