
ചെന്നൈ സൂപ്പർ കിങ്സിൻറെ മഞ്ഞക്കുപ്പായമണിഞ്ഞെത്തിയ സഞ്ജു സാംസണെ ഇരുകൈകളും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. സിഎസ്കെയുടെ പ്രിയപ്പെട്ട ‘ചേട്ടനായി’ താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചെന്നൈയിലെ പ്രാദേശിക ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ചെന്നൈ ബീച്ചിൽ എത്തി ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിച്ചിരിക്കുകയാണ് താരം. സഞ്ജുവിന്റെ സർപ്രൈസ് എൻട്രിയും മറ്റും ഇതിനോടകം വൈറലായി കഴിഞ്ഞു.
സുരക്ഷാ ജീവനക്കാരോ ബൗൺസർമാരോ ഇല്ലാതെയാണ് താരം ബീച്ചിലേക്ക് എത്തിയത്. താര പരിവേഷമെല്ലാം മാറ്റിവെച്ച്, തങ്ങളുടെ കൂട്ടത്തിലൊരാളായി സഞ്ജു എത്തിയപ്പോൾ ആരാധകർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിൻറെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു ദേ അവിടുത്തെ പ്രാദേശിക ടീമിനൊപ്പം ചേർന്ന് ബീച്ച് ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. ആ കാഴ്ച്ച അതിമനോഹരമായിരുന്നു.
വലംകൈയ്യൻ ബാറ്ററായ സഞ്ജു ഇടംകൈയ്യനായാണ് ബീച്ചിൽ ബാറ്റ് ചെയ്‌തത്. ഒപ്പം പറത്തിയത് തകർപ്പൻ സിക്സറുകളും. ആരാധകരുമായി തമാശകൾ പങ്കുവെച്ചും ഒന്നിച്ച് ചിരിച്ചും സഞ്ജു സമയം ചിലവഴിച്ചതിൻറെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ചെന്നൈ ആരാധകർ നൽകുന്ന പിന്തുണ തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ള കളിക്കാരനാക്കിയെന്ന് സഞ്ജു പറഞ്ഞു.
ALSO READ: നിരാശയുടേയും ആവേശത്തിൻ്റേയും നിമിഷങ്ങൾ; അൽ നാസർ- ഹിലാൽ മത്സരം സമാപിച്ചത് സമനിലയിൽ
‘ചർച്ചകൾ നടക്കുന്ന സമയത്ത്, ഞാൻ ചെന്നൈയിലേക്ക് വരുമെന്ന വാർത്തകൾ വന്നിരുന്നു. ആ സമയം മുതൽ തന്നെ ചെന്നൈ ആരാധകരിൽ നിന്നും വലിയ സ്നേഹമാണ് കിട്ടിക്കൊണ്ടിരുന്നത്. ചെന്നൈയിൽ വരുമ്പോഴോ അല്ലെങ്കിൽ അവിടുത്തെ ആളുകളെ കാണുമ്പോഴോ അവരെന്നെ അടുത്ത് വിളിച്ച് ‘ഹേയ് സഞ്ജു, സിഎസ്‌കെയിലേക്ക് വരൂ’ എന്ന് പറയുമായിരുന്നു. ഇപ്പോൾ അവർക്കായി കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തം തോന്നുന്നുണ്ട്. ചെന്നൈ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ തെറ്റുകൾ വരുത്താൻ തോന്നില്ല. ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് ഞാൻ രണ്ടുതവണ ചിന്തിക്കും. അത്രമാത്രം ഉത്തരവാദിത്തമുള്ളവനായി ഞാൻ മാറി,” എന്ന് സഞ്ജു പറഞ്ഞു. 11 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയ സഞ്ജുവാണ് ടീമിന്റെ ടോപ്പ് സ്കോറർ. രണ്ട് സെഞ്ചുറികൾ ഇതിനോടകം താരം നേടിക്കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

