
“അവരെ സുരക്ഷിതമായി കൊണ്ടുവിടാൻ കഴിയുന്ന ഇടമായിരുന്നു ഡേ കെയർ സെന്റർ, ഇനി എന്ത് ചെയ്യും” വിങ്ങലോടെ ഒരു അമ്മയുടെ ചോദ്യമാണിത്. ഡേ കെയർ സെന്ററുകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാവും എന്ന ധാരണയെ മാറ്റിമറിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണ് ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 8 കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയും ഭക്ഷണത്തിലൂടെ പോലും 1200 കുട്ടികൾക്ക് പകർച്ചവ്യാധി പരത്തുകയും ചെയ്ത 26 കാരൻ ജോഷ്വ ഡെയ്ൽ ബ്രൗൺ എന്ന യുവാവ് ആണ് പിടിയിലായത്. ബ്രൗണിന് എസ്ടിഐ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഓസ്ട്രേലിയയിലെ വിക്ടോറിയൻ ചൈൽഡ്കെയർ ജീവനക്കാരനാണ് ജോഷ്വ ഡെയ്ൽ ബ്രൗൺ. 2017 മുതലാണ് ജോഷ്വ ഡെയ്ൽ ബ്രൗൺ ചൈൽഡ് കെയർ സെന്ററുകളിൽ ജോലി ചെയ്ത് തുടങ്ങുന്നത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ പോയിന്റ് കുക്കിലെ ക്രിയേറ്റീവ് ഗാർഡൻ ഏർലി ലേണിംഗ് സെന്ററിലാണ് ഇയാൾ ജോലി ചെയ്തത്. 2025 മെയ് മാസം വരെയുള്ള കാലയളവിൽ ഡെയ്ൽ ബ്രൗൺ പീഡനത്തിനിരയാക്കിയത് അഞ്ചു മാസം മുതൽ രണ്ടു വയസ്സുവരെയുള്ള പ്രായമുള്ള കുഞ്ഞുങ്ങളെയാണ്.
എസ്സെൻഡണിലെ ഒരു ഡേകെയർ കേന്ദ്രത്തിൽ ജോലി ചെയ്യുമ്പോൾ ബ്രൗൺ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിരിക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഇതേക്കുറിച്ച് ആരോഗ്യ വകുപ്പ് ഇവിടെയുണ്ടായിരുന്ന കുട്ടികളുടെ കുടുംബങ്ങളെ ബന്ധപ്പെട്ടു. ഇതോടെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്.
വിവിധ ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ഓസ്ട്രേലിയയിലെ ശിശുസംരക്ഷണകേന്ദ്രങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ടുവരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിഡ്‌നിയിലും ബ്രിസ്‌ബേനിലും നടന്ന ബാല ലൈംഗിക പീഡന വിവാദങ്ങൾ, രാജ്യത്തുടനീളമുള്ള എൻജിഒ സ്ഥാപനങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ, സാമ്പത്തിക ദുരുപയോഗ ആരോപണങ്ങൾ എന്നിവയാണ് ഈ മേഖലകളെ പ്രതിസന്ധിയിലാക്കിയത്.
20 ചൈൽഡ് കെയർ സെന്ററുകളിലാണ് 8 വർഷത്തെ കാലയളവിൽ ഡെയ്ൽ ബ്രൗൺ ജോലി ചെയ്തത്. ഈ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇപ്പോൾ മാതാപിതാക്കളുടെ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ട പദ്ധതികൾ കർശനമാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വിക്ടോറിയൻ സർക്കാർ ഇതിനകം തന്നെ സംസ്ഥാനത്തിന്റെ വർക്കിംഗ് വിത്ത് ചിൽഡ്രൻ ചെക്ക് സംവിധാനം ആഴത്തിൽ വിലയിരുത്തി വരുകയാണ്. ബ്രൗൺ ജോലി ചെയ്തിരുന്ന ചൈൽഡ്‌കെയർ ഓപ്പറേറ്റർമാരുടെ പെരുമാറ്റം അന്വേഷിക്കാൻ ഇപ്പോൾ ചൈൽഡ്ഹുഡ് റെഗുലേറ്ററിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Also read – ഗാസയില്‍ ഇസ്രയേലിന്റെ മനുഷ്യക്കശാപ്പ്; 48 മണിക്കൂറിനിടെ 300-ലധികം പേരെ കൊന്നുതള്ളി
ചൊവ്വാഴ്ചത്തെ വാർത്തയിൽ ഓസ്ട്രേലിയൻ സർക്കാരും പ്രതിപക്ഷവും ഞെട്ടൽ പ്രകടിപ്പിക്കുകയും ചൈൽഡ്‌കെയർ മേഖലയെ പരിഷ്കരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബ്രൗണിന്റെ അറസ്റ്റും അദ്ദേഹത്തിന്റെ ആരോപണവിധേയമായ കുറ്റകൃത്യങ്ങളും ചൊവ്വാഴ്ച പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സംസ്ഥാന പോലീസ് സേനയും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളും ചേർന്ന് വിഷയത്തിൽ ഇടപെട്ടുവരികയാണ്.
എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ, ആരോഗ്യ വകുപ്പ് രക്ഷിതാക്കൾക്കായി ഏർപ്പെടുത്തിയ ഹോട്ട്‌ലൈനിലേക്ക് നിരവധി പേർ വിളിച്ചതായാണ് റിപ്പോർട്ട്. ഹോട്ട്ലൈൻ നമ്പർ ലഭ്യമാക്കിയതോടെ പോയിന്റ് കുക്ക് സെന്ററിലെ ഉൾപ്പടെ നിരവധി രക്ഷിതാക്കൾ ബ്രൗണിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ബ്രൗൺ ജോലി ചെയ്തിരുന്ന ചില ഡേകെയർ കേന്ദ്രങ്ങൾക്ക് പുറത്ത് കഴിഞ്ഞ ദിവസവു അതിശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ഈ കേന്ദ്രങ്ങളിലെത്തിയ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി.
12 വയസ്സിനും 16 വയസിനും താഴെയുള്ള കുട്ടികളെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ പ്രതി ഡേകെയർ കേന്ദ്രങ്ങളിലെത്തിക്കുകയു, മറ്റ് ചിലർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയ്ടുടണ്ട്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക ചൂഷണം, ബാലപീഡനം തുടങ്ങി നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ ജോലിക്ക് എടുക്കുന്നതിന് മുമ്പ് വർക്കിംഗ് വിത്ത് ചിൽഡ്രൻ പരിശോധനയും സ്ഥാപനങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രിയേറ്റീവ് ഗാർഡൻ സെന്റർ നടത്തുന്ന ജി8 എഡ്യൂക്കേഷൻ, തങ്ങളുടെ മുൻ ജീവനക്കാരനായ ബ്രൌണിനെ ആവശ്യമായ പ്രോട്ടോക്കോളുകൾക്കനുസൃതമായി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here