
കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിര്‍ത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിന്‍റെ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് രണ്ടംഗ സംഘം കവർന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ചാക്കുകെട്ടുമായി പോകുന്ന ദൃശ്യം CCTVയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് പൊലീസും വിരലടയാള വിദഗ്ധരും കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷണം നടക്കുമ്പോൾ താൻ കാറിൻ്റെ സമീപത്ത് ഉണ്ടായിരുന്നില്ല എന്നാണ് ആനക്കുഴിക്കര സ്വദേശിയും പരാതിക്കാരനുമായ റഹീസിന്‍റെ മൊഴി.
പണത്തിന്റെ ഉറവിടത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ഭീമമായ തുക എങ്ങനെ ലഭിച്ചെന്ന പൊലീസിന്റെ ചോദ്യത്തിൽ, ഭാര്യാപിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു റഹീസിൻ്റെ മറുപടി. എന്നാൽ റഹീസിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. മോഷണം പോയ പണം, ഹവാല – കള്ളപ്പണ ഇടപാടുകൾക്കാണ് റഹീസ് എത്തിച്ചത് എന്ന് തെളിഞ്ഞാൽ, വരും ദിവസങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. മോഷണത്തിൻ്റെ പിറകിലെ അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here