‘വാക്കുകളുടെ മഹാബലി’; കാവ്യഗന്ധര്‍വ്വ ജീവിതം നിലച്ചിട്ട് 45 വര്‍ഷം

‘അടുത്തടിവെച്ചു തൊടുവാന്‍ നോക്കുമ്പോള്‍
അകലേക്കു പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും ‘ –
വെളിച്ചത്തിലേക്ക് (പി കുഞ്ഞിരാമന്‍ നായര്‍)

”വാക്കുകളുടെ മഹാബലി” എന്നാണ് മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍ നായരെ കെ.ജി. ശങ്കരപ്പിള്ള വിശേഷിപ്പിച്ചത്. അത് വെറും വാക്കായിരുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. അസാമാന്യമായ പദസമ്പത്ത്, പ്രണയമാധുരിയും സൗന്ദര്യബോധവും നിറഞ്ഞുതുളുമ്പുന്ന ഭാവനാലോകം, പ്രകൃത്യുപാസന, മൃത്യുചിന്ത, അന്യതാബോധം, ആധുനികതയിലേയ്ക്ക് നിരന്തരം പുതുക്കിപ്പണിഞ്ഞിരുന്ന ഭാഷ ഇതെല്ലാം മഹാകവി പിയുടെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടാണ് മരണത്തിന് ശേഷം നാലര പതിറ്റാണ്ട് ആവുമ്പോഴും പി ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പ്രയോഗത്തിലും എല്ലാം നിത്യവസന്തമായി ജ്വലിച്ചു നില്‍ക്കുന്നത്.

1905 ഒക്ടോബര്‍ 4ന് കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് ജില്ലയില്‍ ജനിക്കുകയും, ഒരു ജീവിതകാലം മുഴുവന്‍ കവിതയിലൂടെ ഒപ്പം ജീവിതത്തിലൂടെയും കവിതയ്ക്ക് വേണ്ടി അലഞ്ഞുനടന്ന് തെക്കേയറ്റത്ത് തിരുവനന്തപുരത്ത് 1978 മെയ് 27നായിരുന്നു കവിയുടെ അന്ത്യം. അതിനിടയില്‍ കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികളുടെ രചിചന നിര്‍വഹിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാല്‍പ്പാടുകള്‍’,’എന്നെ തിരയുന്ന ഞാന്‍’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് മകുടോദാഹരണങ്ങളാണ്.

സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയേക്കാളുമാര്‍ദ്രത ഇണങ്ങിനിന്നില്‍’ എന്നാണ് ആരെയും അധികം പുകഴ്ത്താത്ത അന്തരിച്ച കവി ആറ്റൂര്‍ രവിവര്‍മ്മ പിയുടെ കാവ്യ വ്യക്തിത്വത്തെക്കുറിച്ച് എഴുതിയത്. മേഘരൂപന്‍ എന്ന പേരില്‍ എഴുതിയ ആ കവിതയില്‍ പിയിലുള്ള കവിയുടെ ജാഗ്രതയെപ്പറ്റിയും വിവരിക്കുന്നു. ‘കേമന്‍മാരോമനിച്ചാലും ചെവി വട്ടം പിടിച്ചു നീ’ എന്നായിരുനു ആറ്റൂര്‍ അതിനെപ്പറ്റി എഴുതിയത്.

അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം’ വരികളില്‍ എത്തുമ്പോള്‍ കവിയോടുള്ള ആറ്റൂരിന്റെ ആരാധന പരകോടിയിലെത്തുന്നതും നമുക്ക് വെളിവാകും.

പതിനാലാം വയസില്‍ രചിച്ച ‘പ്രകൃതിഗീതം’ ആണ് പി.യുടെ ആദ്യകവിതയെന്നാണ് കരുതപ്പെടുന്നത്.താമരത്തോണി, താമരത്തേന്‍, വയല്‍ക്കരയില്‍, പൂക്കളം, കളിയച്ഛന്‍, അനന്തന്‍കാട്ടില്‍, ചന്ദ്രദര്‍ശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകള്‍ എന്നിങ്ങനെ മുപ്പത്തിയഞ്ച് കവിതാ സമാഹാരങ്ങള്‍, കൂടാതെ അഞ്ച് ഗദ്യകവിതകള്‍, അഞ്ച് ഗണ്ഡകാവ്യങ്ങള്‍ തുടങ്ങിയവയിലൂടെ അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. കാവ്യജീവിതത്തില്‍ എത്രത്തോളം കൃതികള്‍ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.

കവിത ഭ്രാന്തമായൊരു ആവേശമായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍ക്ക്. പിയുടെ ഹൃദയതാളം തന്നെയാണ് ഓരോ കവിതയിലും ഉണ്ടായിരുന്നത്.സ്‌നേഹത്തിന്റേയും ഐക്യഭാവനയുടേയും നിര്‍മ്മലപ്രണയത്തിന്റേയും അനശ്വരഗാഥകളാണു കാല്പനികതയുടെ ഗന്ധര്‍വനായ പിയുടെ സൃഷ്ടികളൊക്കെയും. രംഗപടം, ഉപാസന, പൂനിലാവ്, ചന്ദ്രമണ്ഡലം തുടങ്ങി 17 നാടകങ്ങള്‍. ഇന്ദിര, നിര്‍മല, ചാരിത്രരക്ഷ തുടങ്ങി 6 കഥകള്‍. 3 ബാലസാഹിത്യകൃതികള്‍, കുറേ ചെറു പുസ്തകങ്ങളുമാണ് പി.യുടെ സാഹിത്യ സംഭാവനകള്‍. ജീവിതം മുഴുവന്‍ കവിതയെന്ന നിത്യകന്യകയെതേടി അലയുകയും ചെയ്ത കവി ഒടുവില്‍ തിരുവനന്തപുരത്തെ സിപി സത്രത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News