സ്വപ്നങ്ങള്‍ക്കൊപ്പം ആകാശം തൊട്ട കല്‍പന

ആദര്‍ശ് ദര്‍ശന്‍

2003 നവംബര്‍ ഒന്നിന് നാസയുടെ ബഹിരാകാശ പേടകം കൊളംബിയ, ചിന്നിച്ചിതറി തീഗോളമായി കത്തിയമര്‍ന്ന് ഭൂമിയിലേക്കു പതിച്ചപ്പോള്‍ എരിഞ്ഞടങ്ങിയവരില്‍ ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞയുമുണ്ടായിരുന്നു. നിശ്ചയ ദാര്‍ഢ്യത്തോടെ സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ച് അതിരില്ലാത്ത ആകാശത്തിലേക്ക് പറന്നുയര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കല്‍പന ചൗള.

ബഹിരാകാശ പര്യവേഷണ രംഗത്ത് രാകേഷ് ശര്‍മയ്ക്ക് ശേഷം രാജ്യത്തിന്റെ യശ്ശസ്സ് ഉയര്‍ത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായിരുന്നു കല്‍പന. മകളെ ഡോക്ടറോ ടീച്ചറോ ആക്കാന്‍ ആയിരുന്നു മാതാപിതാക്കള്‍ക്ക് ഇഷ്ടം. എന്നാല്‍ കല്‍പ്പന അവരുടെ സ്വപ്നങ്ങള്‍ക്കും അപ്പുറത്തെക്ക് പറന്നുയരാന്‍ കൊതിച്ചു.

1962 മാര്‍ച്ച് 17ന് ഹരിയാനയിലെ കര്‍ണാലില്‍ ആയിരുന്നു കല്‍പന ചൗളയുടെ ജനനം. കര്‍ണാലിലെ ടാഗോര്‍ബാല്‍ നികേതനിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ആകാശ കാഴ്ചകളോടുള്ള അതീവ താല്പര്യം ജീവിത ലക്ഷ്യമാക്കി മനസ്സില്‍ കുറിച്ച കല്‍പന പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തു. പിന്നീട് ഉപരി പഠനത്തിനായി അമേരിക്കയിലെക്ക് തിരിച്ചു. ആര്‍ളിംഗ്ടണിലെ ടെക്‌സസ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. അവിടെ നിന്നും എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കിയാണ് ടെക്‌സസിലെ പഠനം കല്പന അവസാനിപ്പിച്ചത്. ഗവേഷണ ബിരുദം സ്വന്തമാക്കാന്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ പഠനം ആരംഭിച്ചു. പഠനത്തോടൊപ്പം നാസയുടെ കാലിഫോര്‍ണിയയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ ജോലിക്കും ചേര്‍ന്നു. എല്ലാത്തരം വിമാനങ്ങളും പറത്താന്‍ വൈദഗ്ദ്യം നേടി. അമേരിക്കന്‍ പൗരന്‍ ജീന്‍ പിയറിയെ ജീവിത പങ്കാളിയാക്കി. അമേരിക്കന്‍ പൗരത്വം നേടി.

1996ലാണ് നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിലേക്ക് കല്‍പന തിരഞ്ഞെടുക്കപ്പെടുന്നത്. നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതയും, വിമാനം പറത്തുന്നതിലെ മികവും, ശാരീരിക ക്ഷമതയും കല്പ്പനയുടെ പടവുകള്‍ എളുപ്പമുള്ളതാക്കി.

1997ല്‍ എസ്ടിഎസ് 87 ആയിരുന്നു കല്‍പനയുടെ ആദ്യ ദൗത്യം. 1997 നവംബര്‍ 19ന് അഞ്ച് സഹ ഗവേഷകര്‍ക്കൊപ്പം കല്‍പന ആകാശത്തേക്ക് പറന്നുയര്‍ന്നു. രാകേഷ് ശര്‍മ്മയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി ബഹിരാകാശം തൊട്ടു. ആദ്യ യാത്രയില്‍ 375ലധികം മണിക്കൂറുകള്‍ അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചു. സൂര്യന്റെ ഉപരിതല താപത്തെ കുറിച്ച് പഠിക്കാന്‍ നാസ വികസിപ്പിച്ച സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിക്കുന്ന ദൗത്യവും നാസ കല്‍പനയെ ഏല്‍പ്പിച്ചു. ഉപഗ്രഹം ഗതിമാറിപോയ സംഭവത്തെ തുടര്‍ന്ന് പഴി കേള്‍ക്കേണ്ടി വന്ന കല്‍പനയെ വിദഗ്ധ അന്വേഷണത്തിനൊടുവില്‍ പിന്നീട് കുറ്റവിമുക്തയാക്കി.

ബഹിരാകാശ രംഗത്ത് അഭിമാന താരകമായി മാറിയ കല്‍പ്പന ചൗളയുടെ നേട്ടങ്ങള്‍ ചരിത്രമാണ്. ഒരു ദുരന്ത ചിത്രത്തിലൂടെ എരിഞ്ഞുതീര്‍ന്നെങ്കിലും കല്‍പ്പന ചൗളയുടെ ഓര്‍മ്മകളെ ജ്വലിപ്പിച്ച് നിര്‍ത്തുന്നുണ്ട് ജീവിച്ചിരുന്നെങ്കില്‍ ആഘോഷിക്കേണ്ടിയിരുന്ന അവരുടെ 61-ാം ജന്മദിനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News