മലയാളികളുടെ സ്വന്തം മോഹൻലാലിന് ഇന്ന് 63-ാം പിറന്നാൾ

മെയ് 21; നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ നടന വിസ്മയമായി തെളിയുന്ന മോഹൻലാലിൻ്റെ അറുപത്തിമൂന്നാം പിറന്നാൾ.1980ൽ മോഹൻലാലിൻ്റെ ഇരുപതാമത്തെ വയസിൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം മോഹൻലാലിന്റെ ജീവിതഗതി മാറ്റിമറിച്ചു. സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചലച്ചിത്രത്തിന് ശേഷം മലയാള സിനിമയിൽ മോഹൻലാലിന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. 1983 ൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചത്. വില്ലനായി മലയാളി പ്രേക്ഷകർ വരവേൽപ്പ് നൽകിയ മോഹൻലാൽ പിന്നീട് നായകനായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറി അദ്ദേഹം. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും തിളങ്ങി.

1960 മേയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിച്ചു. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം.

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ ആ സ്കൂൾ ജീവിതവും അവിടുത്തെ കൂട്ടുകാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി. ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു.സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കലാമേളയിൽ മികച്ച നടനായി. ‘കമ്പ്യൂട്ടർ ബോയ്’ എന്നു പേരിട്ട നാടകത്തിൽ തൊണ്ണുറൂകാരന്റെ വേഷമായിരുന്നു മോഹൻ ലാൽ അവതരിപ്പിച്ചത്.

സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന മോഹൻലാലിന്റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ.ഇവരുടെ സൗഹൃദങ്ങൾ മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബിമലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ വി ശശി എന്നിങ്ങനെ അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ ഒന്നിച്ചപ്പോൾ പിറന്നത് മലയാളി എന്നും ഓർത്തിരിക്കുന്ന അതിമനോഹരമായ ഒരുപിടി ചിത്രങ്ങളാണ്.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News