
ദില്ലി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഏഴ് സിറ്റിംഗ് എംഎൽഎമാർ രാജിവെച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് എം എൽ എ മാരുടെ രാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍. നരേഷ് യാദവ് നേരത്തെ മെഹ്റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു.
അതേസമയം, യമുനയിലെ വെള്ളത്തെ ചൊല്ലിയുള്ള വിവാദത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു ആം ആദ്മി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ കമ്മീഷന് കത്തെഴുതി. ഹരിയാന മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അതിവേഗത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയക്കൊടുങ്കാറ്റുയര്‍ത്തിയുള്ള ആം ആദ്മിയുടെ ആരോപണം ശക്തമാക്കുന്നത്. യമുനയിലെ വെള്ളത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
ഇത് നിഷേധിച്ച ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി വെള്ളം പരിശോധിക്കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍, ആരോപണത്തിലുറച്ചുനിന്ന എ.എ.പി. വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വെള്ളത്തില്‍ വിഷം കലര്‍ത്തി ദില്ലിയില്‍ ജലക്ഷാമം ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു.
ദില്ലിയിലെ ജലശുദ്ധീകരണികള്‍ക്ക് താങ്ങാവുന്നതിലും ഉയര്‍ന്നതോതില്‍ വിഷാംശമുള്ള വെള്ളമാണ് ഹരിയാനയില്‍നിന്ന് യമുനയിലൊഴുകിയെത്തുന്നതെന്ന് കമ്മിഷനുമുന്നില്‍ ആം ആദ്മി ചൂണ്ടിക്കാട്ടി. ഹരിയാന മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കെജ്‌രിവാൾ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് ബിജെപിയും മറുപടി നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here