
വടക്കൻ ചൈനയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. ഷാൻസി പ്രവിശ്യയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല അവർക്കായുള്ള തിരച്ചിൽ തുടരുകയാണന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ദുരന്തത്തിന് കാരണമായ ഗ്യാസ് സ്ഫോടനം നടന്നത്. അപകടം നടക്കുന്ന സമയത്ത് 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഖനിക്കുള്ളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിവിട്ട് ഉയർന്നതായി മുന്നറിയിപ്പ് വന്നിരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെ 156 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂമിക്കടിയിൽ കാർബൺ മോണോക്സൈഡ് വാതകം നിറഞ്ഞതും ഉയർന്ന താപനിലയും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ചൈനയിലെ പ്രധാന കൽക്കരി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഷാൻസിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനെ തുടർന്ന് അടുത്ത കാലത്തായി അപകടങ്ങൾ കുറഞ്ഞിരുന്നെങ്കിലും, ഈ ദുരന്തം രാജ്യത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇതേ പ്രവിശ്യയിലെ മറ്റൊരു ഖനിയിലുണ്ടായ അപകടത്തിൽ നാല് തൊഴിലാളികൾ മരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

