
നാലുമണിക്കൂറോളം കിണറ്റിൽ അകപ്പെട്ട 87 കാരിയെ അദ്‌ഭുതകരമായി രക്ഷപെടുത്തി. മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന ശാന്തയെ അഗ്നി രക്ഷാശമന സേനയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലർച്ചയാണ് സംഭവം. പത്തനംതിട്ട മാമ്മൂട് കുടമുക്ക് വേലം പറമ്പിൽ ശാന്തയാണ് കിണറ്റിൽ വീണത്. 30 അടി താഴ്ചയുള്ള കിണറ്റിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന പുലർച്ചെ നാലു മണിക്കാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വയോധികയുടെ വീട്ടുമുറ്റത്തുള്ള ആൾമറയില്ലാത്ത കിണറാണ് അപകടത്തിന് കാരണമായത്. രാത്രിയിൽ പുറത്തിറങ്ങിയ ഇവർ കാൽ വഴുതി വീണതാണെന്ന് സംശയിക്കുന്നു. വെള്ളത്തിൽ താഴ്ന്ന് പോകാതെ മോട്ടോർ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു.
വാതിൽ തുറന്നു കിടക്കുന്നത് കണ്ട വീട്ടുകാർ ശാന്തയുടെ മുറി പരിശോധിച്ചു. മുറിക്കുള്ളിൽ ആളെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ അകപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഏഴംഗ സംഘമെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ശാന്തയെ പുറത്ത് എത്തിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

