
വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂരില്‍ താമസിക്കുന്ന മുന്‍ ജഡ്ജി ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്.
ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ തട്ടിപ്പിനിരയായ മുന്‍ ജഡ്ജി ശശിധരന്‍ നമ്പ്യാരുടെ പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍, മുഹമ്മദ് ഷര്‍ജില്‍ ടി എന്നിങ്ങനെ മൂന്നുപേരെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുന്‍ ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്തതിനു പിന്നാലെ രണ്ടുപേര്‍ ഇസാഫ് ബാങ്കിന്റെ തലശ്ശേരി ബ്രാഞ്ചില്‍ നിന്നും 30 ലക്ഷം രൂപ പിന്‍വലിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.
ALSO READ: കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സില്‍ കഴുത്തില്‍ നായയുടെ ബെല്‍റ്റിട്ട് തൊഴില്‍ പീഡനം
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിന്‍വലിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്. ബൃഹത്തായ ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ കണ്ണികളാണ് എന്ന് വ്യക്തമായതിനെത്തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ശശിധരന്‍ നമ്പ്യാര്‍ പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ശശിധരന്‍ നമ്പ്യാരുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here