
ആയിരം കോടിയോളം രൂപയുടെ നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം നടത്താത്തതിന് പിന്നിൽ ബിജെപി-കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എ എ റഹീം. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറും അദ്ദേഹത്തിന്റെ ബന്ധുക്കളും ഉൾപ്പെട്ട കേസ് സിബിഐ അന്വേഷിക്കില്ലെന്ന നിലപാട് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന, ആയിരം കോടിയോളം രൂപയുടെ ഈ ബൃഹത്തായ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അരുവിക്കര മണ്ഡലം കേന്ദ്രീകരിച്ച് ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്ന സീറ്റ് കച്ചവടത്തിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിബിഐ തീരുമാനിച്ചിരിക്കുന്നത്. സിബിഐയുടെ എല്ലാ തീരുമാനങ്ങളും രാഷ്ട്രീയമാണെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വം, ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറുണ്ടോ എന്നും റഹീം ചോദിച്ചു. രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോൾ സിബിഐയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഈ ഗുരുതരമായ കേസിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയും കോൺഗ്രസും വലിയ തോതിൽ പണമൊഴുക്കുകയാണെന്നും റഹീം ആരോപിച്ചു. കോൺഗ്രസിന് തെലങ്കാനയിൽ നിന്നും കർണാടകയിൽ നിന്നും കോടിക്കണക്കിന് രൂപ വരുമ്പോൾ, നാട്ടിൽ നിന്ന് കൊള്ളയടിക്കുന്ന പണമാണ് ബിജെപി വിതരണം ചെയ്യുന്നത്. മാരാർജി ഭവനിലെത്തുന്നവർക്ക് കൈനിറയെ പണം നൽകുകയാണെന്നും, ചില വോട്ടർമാരുടെ കടം വരെ ബിജെപി തീർത്തു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡിജിപി ആർ ശ്രീലേഖയുടെ ലവ് ജിഹാദ് പരാമർശം ശുദ്ധ അസംബന്ധമാണെന്ന് റഹീം വിശേഷിപ്പിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്താനും മുസ്ലിം വിഭാഗത്തെ ബോധപൂർവ്വം അധിക്ഷേപിക്കാനുമായി സംഘപരിവാർ നിർമ്മിച്ചെടുത്ത വെറും പ്രൊപ്പഗണ്ട മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

