വിൽപ്പനയിലെ പിഴവ്; 13 വർഷത്തിന് ശേഷം ഉടമയല്ലാത്ത യുവാവിന് പിഴ 81,500 രൂപ

വാഹന വിൽപ്പനയിലെ പിഴവ് മൂലം ഉടമയല്ലാത്ത യുവാവിന് 13 വർഷത്തിന് ശേഷം പിഴയടക്കേണ്ടി വന്നത് 81,500 രൂപ. 13 വർഷം മുൻപ് കാസർഗോഡ് പടന്ന സ്വദേശിയായ യുവാവ് തന്റെ കാഞ്ഞങ്ങാട്ടെ സുഹൃത്തിന് ബൈക്ക് വിറ്റു. ബൈക്ക് വിറ്റിരുന്നെങ്കിലും ഉടമസ്ഥാവകാശം മാറിയിരുന്നില്ല. എന്നാൽ വിൽപ്പന നടത്തുമ്പോൾ തന്നെ ആർസി ഉടമസ്ഥാവകാശം മാറ്റാനുള്ള സമ്മതപത്രം വാങ്ങിയിരുന്നു. പിന്നീട് ഉടമ ജോലിയുടെ ആവശ്യത്തിനായി ഗൾഫിലേക്ക് പോയി.

പിന്നീട് ബൈക്ക് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് അവസാനമായി കോഴിക്കോട് സ്വദേശിയുടെ കയ്യിൽ എത്തിച്ചേർന്നു. എന്നാൽ അപ്പോഴും ബൈക്ക് ഉടമ പടന്ന സ്വദേശി തന്നെ. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, ബൈക്കിന്റെ നിലവിലെ ഉടമസ്ഥൻ ഒപ്പം ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താൽക്കാലികമായി ബൈക്ക് കൈമാറി. എന്നാൽ വയനാട് റോഡിലുള്ള സിവിൽ സ്റ്റേഷന് സമീപം വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ചു. വണ്ടി ഓടിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. സംഭവം കേസായതിനെത്തുടർന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു.

ലൈസൻസില്ലാതെയാണ് വണ്ടി ഓടിച്ചിട്ടുള്ളതെന്ന് മനസിലാക്കിയ ഇൻഷുറൻസ് കമ്പനി ബൈക്ക് ഉടമയ്ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോട്ടോർ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം വിധിച്ചു. രേഖകളനുസരിച്ച് പടന്ന സ്വദേശിക്ക് പിഴയടക്കാനുള്ള നോട്ടീസ് വന്നു. വിധി വന്നപ്പോഴാണ് കാസർഗോഡ് സ്വദേശിയായ യുവാവ് വിവരങ്ങൾ അറിയുന്നത്. വർഷങ്ങൾക്ക് മുൻപ് ബൈക്ക് വിൽപ്പന നടത്തിയതാണെന്നും, നിലവിലെ ഉടമ താനല്ലെന്നും സ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. രേഖകൾ പ്രകാരം റവന്യു വകുപ്പ് വഴി, പടന്ന വില്ലേജ് ഓഫീസിൽ 81,500 രൂപ പിഴ അടക്കേണ്ടി വന്നു. 80000 രൂപയ്ക്കാണ് അന്ന് താൻ പുതിയ ബൈക്ക് വാങ്ങിയതെന്നും യുവാവ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here