മനുഷ്യ സ്പർശമേറ്റ കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടുപോത്തിൻകൂട്ടം, ദയാവധത്തിനൊരുങ്ങി അധികൃതർ

കാട്ടുപോത്തിൻകൂട്ടം ഉപേക്ഷിച്ച കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിച്ച് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് അധികൃതർ. മനുഷ്യസ്പർശമേറ്റതിനാലാണ് കാട്ടുപോത്തിൻകൂട്ടം കുട്ടിയെ ഉപേക്ഷിച്ചതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിന്റെ വടക്കു കിഴക്കൻ മേഖലയിലുള്ള ഒരു നദി മുറിച്ചു കടക്കുകയായിരുന്ന കാട്ടുപോത്തിൻ കൂട്ടത്തിൽ നിന്നും ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞ് അമ്മയിൽ നിന്നും വേർപ്പെട്ട് ശക്തമായ ഒഴുക്കിൽപ്പെട്ടു. കരക്ക്‌ കയറാനാവാതെ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ നാഷണൽ പാർക്കിലുണ്ടായിരുന്ന സന്ദർശകരിലൊരാൾ രക്ഷിക്കുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയ ഇയാൾ കുഞ്ഞിനെ കരയിലേക്ക് നീക്കി. കരയിലേക്ക് കയറി തണുത്തു വിറങ്ങലിച്ചു നിന്ന കുട്ടിയെ ഇയാളും മറ്റു സന്ദർശകരും ചേർന്ന് ഓമനിക്കുകയും ചെയ്തു.

ഈ സമയമത്രയും കുറച്ച് അകലെയായി നിലയുറപ്പിച്ച കാട്ടുപോത്തിൻകൂട്ടം കുട്ടിയെ ഉപേക്ഷിച്ച്‌ സ്ഥലം വിട്ടു. മനുഷ്യരുടെ ഇടപെടലുകളുണ്ടായാൽ മൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് പതിവാണ് എന്നും വിദഗ്ധർ പറയുന്നു. കൂട്ടം തെറ്റിയ കുഞ്ഞ് തനിച്ച് ജീവിക്കാൻ കഴിയാതെ അതുവഴി വന്ന വാഹനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും പിന്നാലെ കൂടി. ദേശീയോദ്യാനത്തിലെ അധികൃതർ കുഞ്ഞിനെ അതിന്റെ കൂട്ടത്തിൽ ചേർക്കാൻ പല തവണ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.

കൂട്ടം തെറ്റിയ കാട്ടുപോത്തിൻകുഞ്ഞ് നിരത്തിലേക്കിറങ്ങുന്നതും ആളുകളുടെ അടുത്തെത്തുന്നതും അപകട ഭീഷണിയുയർത്തിയതോടെ മറ്റു മാർഗമില്ലാതെ അതിന് ദയാവധം നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും, ദയാവധമല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ദേശീയോദ്യാനത്തിലെത്തുന്ന സന്ദർശകർ വന്യ ജീവികളെ കണ്ടാൽ അവയിൽ നിന്നും അകലം പാലിക്കണമെന്നാണ് നിയമം. കാട്ടുപോത്തിന്റെ കുഞ്ഞ് ഒറ്റപ്പെട്ടു പോയ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. കുഞ്ഞിനരികിലെത്തിയെ വ്യക്തിയെ കണ്ടെത്തിയാൽ വന്യ മൃഗങ്ങളെ ശല്യം ചെയ്ത കുറ്റത്തിന് ആറ് മാസം തടവും 5000 ഡോളർ (4.13 ലക്ഷം രൂപ) പിഴയും ശിക്ഷയും ലഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here