താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ തീരുമാനിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജലഗതാഗത മേഖലയിലെ പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍, തുറമുഖ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായി.

താനൂര്‍ അപകടം സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്. റിട്ട ജസ്റ്റിസ് വികെ മോഹനന്റെ അധ്യക്ഷയിലാണ് കമ്മീഷന്‍. ഉള്‍നാടന്‍ ജലഗതാഗത മേഖലയില്‍ അടിയന്തിരമായി നടത്തേണ്ട കാര്യങ്ങള്‍, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുഴുവന്‍ യാനങ്ങളും ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ തീരുമാനമായി. സ്‌ക്വാഡുകള്‍ കൃത്യമായി ഇന്‍സ്‌പെക്ഷന്‍ നടത്തും. കയറാവുന്ന ആളുകളുടെ എണ്ണം ബോട്ടിന് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.

ബോട്ട് സര്‍വീസുകള്‍ നടത്തുന്ന പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കാനും ആലോചനയുണ്ട്. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ മാറ്റത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 2021 ല്‍ പുതിയ നയം രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് കേന്ദ്രം രൂപം നല്‍കിയിട്ടില്ല. കേന്ദ്രം ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ സംസ്ഥാനത്തിന്റെ ചട്ടങ്ങള്‍ പ്രാബല്യത്തിലുണ്ടെന്നും, അതനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചു വരുന്നതെന്നും തുറമുഖമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here