കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി പോരിനെതിരെ ആഞ്ഞടിച്ച് എ കെ ആന്റണി. അനവസരത്തിലെ ചര്‍ച്ച വേണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് അധികം എടുത്ത് ചാടരുതെന്നും നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പാണെന്നും എ കെ ആന്റണി പറഞ്ഞു.
അതേസമയം വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. നേതാക്കള്‍ മൂലം സാമ്പത്തികബാധ്യതയുണ്ടായെങ്കില്‍ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്. ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ് ഈ വിഷയം അറിഞ്ഞതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിയാണ്. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.
അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവരാണ് ഇനി കേസില്‍ പ്രതികളാകുക. കത്തിന്റെ വിശദ പരിശോധനകള്‍ പൊലീസ് നടത്തുന്നുണ്ട്.
വൈകാതെ പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കും. ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതല്‍ മൊഴികള്‍ വിജിലന്‍സ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here