ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യം, അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നുവെന്ന് എ.കെ ബാലന്‍

സംസ്ഥാനത്ത് ഒരു ട്രെയിന്‍ വന്നത് നല്ലകാര്യമാണെന്നും എന്നാല്‍ അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. കേരളത്തോട് റെയില്‍വേ കാട്ടിയിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോ എന്ന് എ. കെ ബാലന്‍ ചോദിക്കുന്നു. റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോടുള്ള അവഗണനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ സമീപനം തന്നെയാണ് കാട്ടിയത്. യഥാര്‍ത്ഥത്തില്‍ കെ-റെയില്‍ പൊളിക്കുക എന്നതാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ലക്ഷ്യമെന്നും എ.കെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘അഭിമാനിക്കാന്‍ എന്തിരിക്കുന്നു’

പുതിയ ട്രെയിന്‍ വന്നിരിക്കുന്നു. ബിജെപിക്കാര്‍ ആഹ്ലാദത്തോടെ കൂടി സ്വീകരിക്കുന്നു. ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യം. എന്നാല്‍ ഇതില്‍ എന്താണ് അഭിമാനിക്കാനുള്ളത്? കേരളത്തോട് റെയില്‍വേ കാട്ടിയിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോ ? റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോടുള്ള അവഗണനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ സമീപനം തന്നെയാണ് കാട്ടിയത്.

1980 ലാണ് ശ്രീമതി ഇന്ദിരാഗാന്ധി പാലക്കാട് വന്ന് പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ പാലക്കാട് കോച്ച് ഫാക്ടറി വന്നില്ല. പകരം യുപിയിലെ റായ്ബറേലിയില്‍ കോച്ചു ഫാക്ടറി സ്ഥാപിച്ചു. പശ്ചിമബംഗാളിലെ കഞ്ചര്‍പാറയിലും കോച്ച് ഫാക്ടറി സ്ഥാപിച്ചു. ഏറ്റവും ഒടുവില്‍ ഹിമാചല്‍പ്രദേശിനും കോച്ച് ഫാക്ടറി നല്‍കിയിരിക്കുകയാണ്. 2008ല്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. അന്ന് എട്ടു കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്നു. രണ്ട് ക്യാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നു; എ കെ ആന്റണിയും വയലാര്‍ രവിയും. 2008 ല്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ച് പുതിയ സേലം ഡിവിഷന്‍ രൂപീകരിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്റെ ഭാഗമായിരുന്ന വലിയൊരു ഭാഗം സേലം ഡിവിഷന്റെ ഭാഗമാക്കി. ഇതിനെതിരായ കേരളീയരുടെ വികാരം ശമിപ്പിക്കുന്നതിനാണ് പാലക്കാട് കോച്ച് ഫാക്ടറി 2008 ല്‍ പ്രഖ്യാപിച്ചത്. കോച്ചു ഫാക്ടറിക്ക് ആവശ്യമായ 239 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി. ഞാന്‍ വൈദ്യുതി മന്ത്രി ആയിരിക്കെ യുദ്ധകാല അടിസ്ഥാനത്തില്‍ 400 കെ വി സബ്‌സ്റ്റേഷന്‍ കഞ്ചിക്കോട് സ്ഥാപിച്ചു. അഞ്ഞൂറ് കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. കോച്ച് ഫാക്ടറിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ആയിരുന്നു ഇത്. പക്ഷേ കോച്ചു ഫാക്ടറി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ വഞ്ചനയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കെ – റെയില്‍ പൊളിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കെ – റെയില്‍ ഒരു പുതിയ പദ്ധതിയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ, നിലവിലുള്ള റെയില്‍പാതയില്‍ 626 വളവുകളാണ് ഉള്ളത്. ഈ പാതയില്‍ കൂടി ഒരിക്കലും 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. 626 വളവുകള്‍ നിവര്‍ത്തുന്നതിന് വലിയതോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. അതിനേക്കാള്‍ നല്ലത് പുതിയൊരു റെയില്‍പാത സ്ഥാപിക്കുന്നതാണ്.

കെ – റെയിലില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ മൂന്നു മണിക്കൂര്‍ മതി. ടിക്കറ്റ് ചാര്‍ജ് 1325 രൂപ മാത്രം. വന്ദേ ഭാരത് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ എട്ടു മണിക്കൂറാണ് എടുക്കുന്നത്. ടിക്കറ്റ് ചാര്‍ജ് 2238 രൂപ. തിരുവനന്തപുരം – കണ്ണൂര്‍ വിമാനക്കൂലി 2897 രൂപയാണ്. കേവലം ഒരു മണിക്കൂര്‍ കൊണ്ട് എത്തും. വന്ദേ ഭാരത് ചാര്‍ജും വിമാന കൂലിയും തമ്മില്‍ വലിയൊരു വ്യത്യാസം ഇല്ല. ജനശതാബ്ദിയും രാജധാനിയും ഏകദേശം വന്ദേ ഭാരതിന്റെ റണ്ണിങ് ടൈമില്‍ തന്നെ തിരുവനന്തപുരം – കണ്ണൂര്‍ യാത്ര പൂര്‍ത്തിയാക്കും. ഒരു ട്രെയിന്‍ കൂടി കിട്ടി എന്നത് നല്ല കാര്യം. പക്ഷേ റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തോട് കാട്ടിയ അവഗണനയ്ക്കും അപമാനത്തിനും ഇത് ഒരിക്കലും പരിഹാരമാവുന്നില്ല. എത്ര മാലകള്‍ ചാര്‍ത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത ഒരു ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ല.

എ.കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News