
തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്ന സ്ഥിരം നമ്പറുകൾ നിലമ്പൂരിൽ ചെലവായില്ലെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. ചില നമ്പറുകൾ ഇറക്കി വിവാദമുണ്ടാക്കി നാടകീയത സൃഷ്ടിച്ച് മൗലിക വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് യുഡിഎഫ് രീതി. മാധ്യമങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അജണ്ടകൾ അത്തരം നാടകങ്ങൾക്കുചുറ്റും രൂപപ്പെടുത്തും. അതെല്ലം നിലമ്പൂരിൽ തകർന്നടിഞ്ഞതിനാൽ അവശ നിലയിലാണ് യുഡിഎഫ്. പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നിട്ടും ഏശിയില്ല.
കോൺഗ്രസ് നേതാക്കൾ എഴുതിക്കൊടുത്ത പ്രസംഗം വായിച്ചു നോക്കാത്തത് കൊണ്ടാണ് പ്രിയങ്കയുടെ പ്രസംഗത്തിൽ ക്ഷേമപെൻഷനെക്കുറിച്ചുള്ള മോശം പരാമർശം കടന്നുകൂടിയത്. നാടകങ്ങളുണ്ടാക്കി യുഡിഎഫ് സ്വയം പരിഹാസ്യരാവുകയായിരുന്നു. പെട്ടിക്കഥ നല്ല നിലയിൽ പൊട്ടി. മാംസ വേട്ടക്കായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം പോലും രാഷ്‌ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ജാള്യം കൊണ്ട് മുഖം ഉയർത്താൻ കഴിയാത്ത വിധം അവർ പരിഹാസ്യരായതായും എ വിജയരാഘവൻ പറഞ്ഞു.
തുടക്കം മുതൽ വർഗീയതയിൽ ഊന്നിയാണ് യുഡിഎഫ് പ്രചാരണം. മലപ്പുറത്തെ വർഗീയമായി ബ്രാൻഡ് ചെയ്യാനാണ് ശ്രമിച്ചത്. ഇടതുപക്ഷം മലപ്പുറത്തിന് എതിരാണെന്ന് വരുത്താനള്ള നീക്കം പരാജയപ്പെട്ടു. മലപ്പുറത്തിന്റെ ബഹുസ്വരതയുടെ കാവലാൾ ഇടതുപക്ഷമാണെന്ന് ജനത്തിന് ബോധ്യപ്പെടാൻ വിവാദം വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിന്‍റെ വികസന തുടർച്ചയ്‌ക്ക് എം സ്വരാജ് വിജയിക്കണമെന്ന മുദ്രാവാക്യമാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. സ്ഥാനാർഥിയുടെ പൊതുസ്വീകാര്യത വലിയ ചലനമുണ്ടാക്കി. വലിയ ബഹുജന പങ്കാളിത്തമാണ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ടായത്. ജനങ്ങളുടെ കരുതലും വിശ്വാസവുമാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. നിലമ്പൂരിൽ സ്വരാജിന് തിളക്കമാർന്ന വിജയം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി എം ഷൗക്കത്ത്, ഇ ജയൻ എന്നിവരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here