കരുത്തനായ സംഘാടകനെയാണ് എം ചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്: എ വിജയരാഘവന്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന സഖാവ് എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എ വിജയരാഘവന്‍. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്തിയ കരുത്തനായ സംഘാടകനെയാണ് എം ചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.

പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് ജനങ്ങളെ സംഘടിപ്പിച്ച് പാര്‍ട്ടിയോട് ചേര്‍ക്കുന്നതില്‍ ഉജ്ജ്വല പ്രതിഭയുള്ള രാഷ്ട്രീയ പ്രചാരകനായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടിയുടെ കപ്പൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എം ചന്ദ്രന്‍ 1982-ല്‍ തൃത്താല ഏരിയാകമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയായി.

ചെറിയ പ്രായത്തില്‍ പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായ അദ്ദേഹം 1987 മുതല്‍ 1998 വരെ പതിനൊന്നു വര്‍ഷക്കാലം സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ളതായിരുന്നു.

പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്ത ശക്തനായ ബഹുജന നേതാവിനെയാണ് പാര്‍ടിക്ക് നഷ്ടമായത്. കര്‍ഷക സംഘത്തിന്റെയും സിഐടിയുവിന്റെയും നേതൃസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ഉജ്ജ്വല സംഘാടകനാണ് വിടവാങ്ങുന്നത്. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like