
ദുരന്തമുഖത്തും കേന്ദ്ര സർക്കാരിന്‍റേത് മനുഷ്യത്വ വിരുദ്ധ സമീപനമാണെന്ന് എഎ റഹീം എംപി. ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ബില്ല് ഭേദഗതി ചെയ്യുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തങ്ങളുടെ സമീപനം ഭേദഗതി ചെയ്യണം. 2024 ജൂലൈ 30-ന് ഏകദേശം 266 പേരുടെ ജീവൻ നഷ്ടപ്പെട്ടു, 32 പേരെ കാണാതായി. ദുരന്തബാധിതരായ എല്ലാവരും ഇന്ത്യക്കാരാണ്. ഈ ദുരന്തം സംഭവിച്ച് എട്ട് മാസം കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇന്നുവരെ കേന്ദ്ര സർക്കാർ ഒരു പൈസ പോലും കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയും പരിസ്ഥിതി മന്ത്രിയും ഒരു യുക്തിയുമില്ലാതെ കേരളത്തെ കുറ്റപ്പെടുത്തി. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭരണഘടന വിരുദ്ധമായ അവഗണനയുടെ തുടർച്ചയാണത്. 2024-25 കാലയളവിൽ എസ്ഡിആർഎഫിന്‍റെ കേന്ദ്ര വിഹിതത്തിൽ കേരളത്തിന് ₹291.02 കോടി മാത്രമാണ് നൽകിയത്.
ALSO READ; മോഹൻലാൽ തിരുത്തണം: ശബരിമല വഴിപാട് രസീത് സംബന്ധിച്ച പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്
എന്നാൽ ഗുജറാത്തിന് ₹1,226 കോടി, മധ്യപ്രദേശ് ₹1,686 കോടി, ഉത്തർപ്രദേശ് ₹1,791 കോടി, മഹാരാഷ്ട്ര ₹2,984 കോടി,ഹരിയാന ₹455 കോടി എന്നിങ്ങനെയും നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് വിഹിതം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചായി കേരളം പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നു. പ്രകൃതിക്ഷോഭങ്ങൾ പതിവായ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകുന്നത് തുച്ഛമായ തുകയാണ്.
വെള്ളിയാഴ്ച കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയൻ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി പുതിയ ടൗൺഷിപ്പിന് ശിലാസ്ഥാപനം നടത്തുകയാണ്. അവിടെ ഒരു വീടിന് 25 മുതൽ 30 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലുമാവില്ല.
ഇതാണ് കേരളത്തിന്റെ നിശ്ചയ ദാർഢ്യം. ഡിവൈഎഫ്ഐ 20 കോടിയോളം രൂപ കേരള സർക്കാരിന് ഇന്നലെ കൈമാറി. കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ, മത, ജാതി വ്യത്യാസമില്ലാതെ വയനാടിനായി നമ്മുടെ കൂടെ ഒന്നിച്ചു നിന്നു. കേരളത്തിലെ ഇടത് എംപിമാർ MPLADS ഫണ്ടിൽ നിന്ന് സംഭാവന നൽകി. എല്ലാ അംഗങ്ങളും MPLADS ഫണ്ടിൽ നിന്ന് ഒരു വിഹിതം മുണ്ടക്കൈ- ചൂരൽമല ദുരിതാശ്വാസത്തിന് തുക അനുവദിക്കണമെന്ന് എംപി അഭ്യർത്ഥിച്ചു. ദുരന്തകാലത്ത് കേന്ദ്ര സർക്കാർ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉപേക്ഷിക്കണമെന്നും അവഗണനയ്ക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കില്ലെന്നും ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് എഎ റഹീം എം പി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

