മതസൗഹാര്‍ദത്തെ പുച്ഛിച്ച സിദ്ദിഖിന്‍റെ പോസ്റ്റിന് മറുപടിയുമായി എഎ റഹീം ; ആ റോഡ് നന്നാക്കേണ്ടത് കോണ്‍ഗ്രസിന്‍റെ പഞ്ചായത്തെന്നും സോഷ്യല്‍ മീഡിയ

വെഞ്ഞാറാമൂട് മേലേ കുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോര്‍ഡ് വെക്കാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് നേരത്തേ സ്ഥാപിച്ച ബോര്‍ഡിന്‍റെ പകുതി ഭാഗം വിട്ടുനല്‍കിയ പാറയില്‍ മസ്‌ജിദിന്‍റെ നടപടിയെ പുച്ഛിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും എംഎല്‍എയുമായ ടി സിദ്ദിഖ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പള്ളിയുടേയും അമ്പലത്തിന്‍റേയും ചിത്രം പങ്കുവെച്ചാണ് ടി സിദ്ധിഖിന്‍റെ പുച്ഛം. ‘കേരളത്തില്‍ ഈ ചിത്രത്തിന് വലിയ പ്രസക്തിയില്ല. ആ റോഡ് ഒന്ന് നന്നാക്കി കൊടുത്താല്‍ നാട്ടുകാര്‍ക്ക് അത് വലിയ ഉപകാരമായിരിക്കും” – എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് കുറിയ്‌ക്ക് കൊള്ളുന്ന മറുപടിയുമായി എഎ റഹീം എംപി രംഗത്തെത്തി.  “ക്ഷീരമുള്ളോരകിടിന്ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം” – സിദ്ദിഖിന്‍റെ പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് എഎ റഹീം എംപി ഇങ്ങനെ കുറിച്ചു.

അതേസമയം, കോൺഗ്രസ് ഭരിക്കുന്ന നെല്ലനാട് പഞ്ചായത്തിലാണ് ഈ ബോര്‍ഡ് എന്നിരിക്കെ സിദ്ദിഖിന്‍റെ തെറ്റിദ്ധരിപ്പിക്കുന്നതും മതസൗഹാര്‍ദത്തെ പുച്ഛിക്കുന്നതുമായ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷവിമര്‍ശനാണ് ഉയര്‍ത്തുന്നത്. ”കെപിസിസി വൈസ് പ്രസിഡൻറ് എന്ന നിലക്ക് കോൺഗ്രസ് ഭരിക്കുന്ന നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിനെ ഫോൺ വിളിച്ച് ശരിയാക്കാൻ പറഞ്ഞാൽ മതി. പഞ്ചായത്തും റോഡും പിഡബ്ല്യുഡി റോഡും അറിയാത്തയാളാണോ ഈ എം എൽ എ. ഗോളടിക്കാൻ നോക്കുന്നതിന് മുമ്പ് പോസ്റ്റ് ഏതാണെന്നെങ്കിലും എംഎൽഎക്ക് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.” – ഇങ്ങനെ പോകുന്നു കമന്‍റുകള്‍.

തിരുവനന്തപുരം വെഞ്ഞാറാമൂട് മേലേ കുറ്റിമുട്ടില്‍ അമ്പലത്തിന്‍റെ ബോര്‍ഡിനായി പാറയില്‍ മസ്‌ജിദ് ബോര്‍ഡിന്‍റെ പകുതി ഭാഗം വിട്ടുനല്‍കിയ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അമ്പലത്തിന്‍റേയും മസ്‌ജിദിന്‍റേയും ഒരേ കമാനത്തിന്‍റെ ഫോട്ടോ നിരവധിയാളുകള്‍ പങ്കുവെക്കുകയും വന്‍തോതില്‍ വൈറലാവുകയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News