‘ഷോ യുവർ ഡിഗ്രി’, മോദിക്കെതിരെ വിദ്യാഭ്യാസയോഗ്യത ആയുധമാക്കാൻ ആം ആദ്മി പാർട്ടി

വിദ്യാഭ്യാസയോഗ്യത ഉയർത്തിക്കാട്ടി നരേന്ദ്ര മോദിക്കെതിരെ കൂടുതൽ ആക്രമണത്തിനൊരുങ്ങി ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായി ‘ഷോ യുവർ ഡിഗ്രി’ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.

മോദിയുടെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ ആവശ്യപ്പെട്ടതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗുജറാത്ത് കോടതി 25000 രൂപ പിഴയിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോദിക്കെതിരെയുള്ള വിമർശനം കടുപ്പിക്കാൻ ആം ആദ്മി തീരുമാനിച്ചത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു ക്യാമ്പയിൻ സംഘടിപ്പിച്ചതെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി ആതിഷി മർലേന പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ ആതിഷി തന്റെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉയർത്തിയാണ് സംസാരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതിയാണ് റദ്ധാക്കിയത്. കെജ്രിവാളിന് 25,000 രൂപ പിഴയും ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ സിംഗിള്‍ ബെഞ്ച് ചുമത്തിയിരുന്നു.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ അപേക്ഷകനായ കെജ്രിവാളിന് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1978ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983ല്‍ ദില്ലി സര്‍വ്വകശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഇതിന്റെ വിവരങ്ങള്‍ നല്‍കണം എന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here