
നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനായി. ദീർഘനാളത്തെ സുഹൃത്തും ജീവിതപങ്കാളിയുമായ ഗൗരി സ്പ്രാറ്റാണ് വധു. ഇന്ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് ചടങ്ങിൽ പങ്കെടുത്തത്.
ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആമിർ ഖാന്റെ മൂന്ന് മക്കളും ഗൗരിയുടെ മകനും ആണ് എത്തിയത്. ചില അതിഥികൾ വിദേശത്തുനിന്നും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹത്തിന് ദിവസങ്ങൾ മുമ്പ് തന്നെ സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു.
ALSO READ: ‘ഡോക്ടർ ആണ്, പക്ഷേ ആരെയും ചികിത്സിക്കാൻ കഴിഞ്ഞിട്ടില്ല’; ഐശ്വര്യ ലക്ഷ്മി
ഏകദേശം 25 വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്, എന്നാൽ 2024-ൽ ആമിറിന്റെ ബന്ധുവായ നുസ്രത് ഖാൻ വഴിയാണ് വീണ്ടും അടുത്തത്. തുടർന്ന് സൗഹൃദം പ്രണയമായി വളരുകയും, കഴിഞ്ഞ വർഷം തന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ഗൗരിയെ ജീവിതപങ്കാളിയായി ആമിർ ഔദ്യോഗികമായി പരിചയപ്പെടുത്തുകയും ചെയ്തു.
ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. 1986-ൽ റീന ദത്തയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002-ൽ ആണ് ഇവർ വേർപിരിഞ്ഞത്. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു ഖാൻ. 2021-ൽ കിരണുമായുള്ള വിവാഹമോചനവും താരം പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

