
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ രാജ്യതലസ്ഥാനം. ബിജെപി സ്ഥാനാർത്ഥി പാർവേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും വാഹനങ്ങളിൽ ദില്ലിയിൽ കറങ്ങുന്നത് സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുവെന്നായിരുന്നു പർവേശ് വർമ്മയുടെ പരാമർശം. പഞ്ചാബി ജനങ്ങളുടെ ദേശാസ്നേഹത്തെ ബിജെപി ചോദ്യം ചെയ്യുകയാണ്. ഇത് ആശങ്കാജനകമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ പ്രതികരിച്ചു. ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർമേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിലാണ് കടുത്ത വിമർശനം ഉയരുന്നത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ ആശങ്കകൾ പങ്കുവെയ്ക്കവെയാണ് പഞ്ചാബ് ജനതയെ ബിജെപി കടന്നാക്രമിച്ചത്. പഞ്ചാബ് രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ കറങ്ങുകയാണെന്നും ഇത് സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്നും പർവേശ് വർമ പറഞ്ഞു.
ALSO READ; ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി – എഎപി പോര് രൂക്ഷം; രംഗം കൊഴുപ്പിക്കാൻ താരപ്രചാരകരെത്തും
ഇതിനെതിരെ കടുത്ത വിമർശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നു.. രാജ്യത്തിനുവേണ്ടി എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ച പഞ്ചാബി പൂർവികരെ അപമാനിക്കുന്നതാണ് ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശമെന്ന് കെജരിവാൾ എക്സിൽ കുറിച്ചു. പഞ്ചാബിൽ നിന്ന് നിരവധി കുടുംബങ്ങൾ സ്ഥിരതാമസക്കാരായും അഭയാർത്ഥികളായും ദില്ലിയിൽ താമസിക്കുന്നു , പഞ്ചാബിലെ ജനങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നുള്ള പരാമർശം പഞ്ചാബി ജനതയുടെ രക്തസാക്ഷിത്വത്തെയും ത്യാഗത്തെയും അപമാനിക്കുന്നതാണെന്ന് കെജ്രിവാൾ എക്സിൽ കുറിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ബിജെപിക്കെതിരെ വിഷയത്തിൽ പ്രതികരിച്ചു. ഓരോ പഞ്ചാബികളെയും വേദനിപ്പിക്കുന്നതാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രതികരണമെന്നും പഞ്ചാബിലെ ജനങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും ഭഗവത് മൻ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഭഗവന്ത് മൻ പ്രചാരണ റാലിയിൽ പങ്കെടുത്തിരുന്നു. ദില്ലിയിൽ ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ത്രികോണ മത്സരത്തിൽ ഒരുങ്ങുന്ന രാജ്യ തലസ്ഥാനത്ത് പ്രചാരണങ്ങൾ ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

