ഗോൾഡന്‍ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് അഭിലാഷ് ടോമി; ശനിയാഴ്ച തീരം തൊടും

ഗോൾഡൻ ഗ്ലോബ് റേസില്‍ മലയാളി നാവികൻ അഭിലാഷ് ടോമി ശനിയാഴ്ച തീരം തൊടും. രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് അഭിലാഷ് ടോമിയുടെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്തേക്ക് അടുക്കുന്നത്.

16 പേരുമായി ഫ്രാൻസിൽ നിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവശേഷിക്കുന്നത്. അഭിലാഷിനെക്കാൾ 100 നോട്ടിക്കല്‍ മൈലില്‍ അധികം മുന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ വനിതാ താരം കിര്‍സ്റ്റൻ ന്യൂഷാഫർ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. കിര്‍സ്റ്റൻ വെള്ളിയാഴ്ച ‍യാത്ര ഫിനിഷ് ചെയ്യും. ഓസ്ട്രിയൻ താരം മൈക്കൽ ഗുഗ്ഗൻബെർഗർ ആണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

അഭിലാഷിന്‍റെ പായ് വഞ്ചി ശനിയാഴ്ച ഫിനിഷിങ് പോയന്‍റിൽ അടുക്കുമ്പോൾ പുതുചരിത്രമാണ് പിറക്കുക. ഒരു ഇന്ത്യക്കാരന്‍ ഇതാദ്യമായാണ് ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്. മത്സരം പൂർത്തിയാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും രണ്ട് തവണ വഞ്ചി മറിഞ്ഞതായും അഭിലാഷ് പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരം. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്ത് നിന്നാണ് അഭിലാഷ് പായ്‌വഞ്ചിൽ യാത്ര ആരംഭിച്ചത്. ഒറ്റയാൾ യാത്ര 234 ദിവസം പിന്നിടുകയാണ്.

2018ൽ ഗോൾഡൻ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. 1968ലെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ബോട്ടിൽ 28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് യാത്ര അവസാനിക്കാൻ പോകുന്നത്. കരയിൽ എത്തിയാൽ മാത്രമേ കുടുംബവുമായി സംസാരിക്കാൻ സാധിക്കൂ.

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. നാവികസേന കമാൻഡർ പദവിയിൽ നിന്ന് വിരമിച്ച അഭിലാഷിനെ കീർത്തി ചക്ര, ടെൻസിങ് നോർഗെ പുരസ്‌കാരം എന്നിവ നൽകി ആദരിച്ചിരുന്നു.

2012ലാണ് നാവികസേന ഉദ്യോഗസ്ഥനായിരിക്കെ അഭിലാഷ് ടോമി മുംബൈ തീരത്തു നിന്ന് പായ് വഞ്ചിയിൽ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകൾ ഒറ്റക്ക് യാത്ര ചെയ്ത അദ്ദേഹം 2013 ഏപ്രിലിൽ മുംബൈയിൽ തിരിച്ചെത്തി. കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്‍റെ പിതാവ് ചാക്കോ ടോമി നാവികസേന മുൻ ഉദ്യോഗസ്ഥനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News