സഖാവേ…

മഹാരാജാസിന്റെ ഇടനാഴികകളില്‍ ഇന്ന് അഭിമന്യുവിന്റെ ശബ്ദമില്ല, പക്ഷേ ഓര്‍മകളേറെയുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഓരോ അധ്യയനവര്‍ഷങ്ങള്‍ കടന്നുപോയപ്പോഴും അഭിമന്യു മഹാരാജാസിന്റെ ജ്വലിക്കുന്ന ഓര്‍മയായി. മഹാരാജാസിന്റെ ചുവരുകളില്‍ ചിരിക്കാത്ത ഒരഭിമന്യുവിനെ കാണാന്‍ കഴിയില്ല. അവിടത്തെ മണ്ണിനും മരത്തിനും തൂണിനും ബെഞ്ചുകള്‍ക്കുമെല്ലാം അഭിമന്യുവിന്റെ മണമുണ്ട്. അവന്‍ മുന്നോട്ടുവെച്ച ആശയങ്ങളുടെ വിപ്ലവ വീര്യമുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ അവന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുണ്ട്. നെഞ്ചുകീറിയുള്ള അവന്റെ അമ്മയുടെ നിലവിളിയിട്ടുണ്ട്. അഭിമന്യു മരിച്ചിട്ടില്ല, ഒരുപിടി ഓര്‍മകളായി അവന്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവന്‍. വട്ടവടയെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച് മഹാരാജാസിന്റെ മണ്ണിലെത്തിയവന്‍. എസ്എഫ്‌ഐയുടെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു കോളേജ് രാഷ്ട്രീയത്തിലും സജീവമായി. വളരെ കുറഞ്ഞ നാളുകള്‍കൊണ്ടു തന്നെ സൈമണ്‍ ബ്രിട്ടോ അടക്കം നിരവധി പേര്‍ക്ക് അവന്‍ പ്രിയങ്കരനായി. അങ്ങനെ ഏറെ ഇഷ്ടപ്പെട്ടിരുന്നവര്‍ക്കിടയിലേക്കാണ് 2018 ജൂലൈ 2ന് അവന്റെ ജീവനറ്റ വാര്‍ത്തയെത്തുന്നത്.

മഹാരാജാസിലെ ഒരു പുതിയ അധ്യയവര്‍ഷക്കാലത്തായിരുന്നു അഭിമന്യു ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. അന്നവന് പ്രായം വെറും 20 വയസുമാത്രം. നവാഗതരെ സ്വീകരിക്കാന്‍ അന്ന് ഏറെ ആവേശത്തോടെയായിരുന്നു അഭിമന്യു രംഗത്തുണ്ടായിരുന്നത്. നവാഗതരെ സ്വാഗതം ചെയ്തുള്ള ചുവരെഴുത്തില്‍ അവന്‍ ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതി. ആ എഴുത്ത് അവന്റെ ജീവനെടുക്കും വിധം ചിലരെ ഭ്രാന്തുപിടിപ്പിക്കുമെന്ന് അവന്‍ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാവില്ല, കാരണം രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങളെ ചേര്‍ത്തുപിടിച്ചൊരു അഭിമന്യു ഉണ്ടായിരുന്നു. എല്ലാവരും അങ്ങനെയാണെന്ന് അവന്‍ ധരിച്ചു, ചേര്‍ത്തുപിടിച്ചു. എന്നാല്‍ രാഷ്ട്രീ വൈര്യം കൊണ്ട് കാഴ്ച നഷ്ടപ്പെട്ട ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം അഭിമന്യുവിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കി. അന്നവന്‍രെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നെഞ്ചുകീറി അമ്മ ഗോമതി കരഞ്ഞത് ഇന്നും കാതില്‍ അലയടിക്കുന്നുണ്ട്, ‘നാന്‍ പെറ്റ മകനേ, തങ്കമേ’…….

കേസിന്റെ നാള്‍വഴി

കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 2018 സെപ്റ്റംബര്‍ 24 ന് എറണാകുളത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ല്‍ 16 പേര്‍ക്കെതിരെ കുറ്റം ചുമത്തി. കൊലപാതകത്തില്‍ 30 പ്രതികളാമെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജെ. ഐ മുഹമ്മദ്, ആരിഫ് ബിന്‍ സലിം, സഹല്‍ ഹംസ, മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, രാജീബ്, അബ്ദുള്‍ റാഷിദ് സനീഷ്, ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, സനീഷ്, ഷാരൂഖ് അമാനി, അബ്ദുള്‍ നാസര്‍, അനൂപ് എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകത്തിന് ശേഷം 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി സഹല്‍ ഹംസ രണ്ടുവര്‍ഷത്തിലേറെ ഒളിവില്‍ പോയി. കര്‍ണാടകയിലെ ഒളിത്താവളത്തില്‍ താമസിച്ചിരുന്ന സഹല്‍ 2020 ജൂണ്‍ 18 ന് കീഴടങ്ങി. അഭിമന്യു കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here