‘യജമാനന്റെ കുഴിമാടത്തിൽ കാത്തിരിക്കുന്ന നായ’, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ശ്വാന വർഗത്തിന്റെ കഥ

നായയ്ക്ക് നമുക്കിടയിൽ ഇല്ലാത്ത കുറ്റങ്ങളില്ല, നായയെ ബന്ധപ്പെടുത്തി നമുക്കിടയിൽ ഇല്ലാത്ത തെറികളുമില്ല. നായിന്റെ മോൻ മുതൽ വാലാട്ടിപ്പട്ടി വരെയുള്ള പ്രയോഗങ്ങൾ കൊണ്ട് നമ്മൾ മനുഷ്യർ ദിനം പ്രതി തിരസ്കരിക്കുന്ന ഒരു പരിണാമ ചരിത്രമുണ്ട് ഇവയ്ക്ക്. മനുഷ്യന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്നേഹനിധികളായ ശ്വാന വർഗത്തോട് ആ ചരിത്രത്തിൽ നമ്മൾ ചെയ്ത പാതകങ്ങളും അറിയാതെ പോകരുത്.

നായയില്ലായിരുന്നെങ്കിൽ നമ്മളും ഇല്ലാതെയാകുമായിരുന്നു എന്നാണ് ആദിമകാല ചരിത്രങ്ങൾ പറയുന്നത്. ചെന്നായ് പറ്റങ്ങള്‍ ഓടിച്ച് തളര്‍ത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്ത്തിക്കൊല്ലാന്‍ മനുഷ്യർക്ക് എളുപ്പമായതാണ് ഈ കുലത്തിന്റെ തന്നെ നിലനിൽപ്പിനെ സഹായിച്ചത്. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും, കഠാരപ്പല്ലുകള്‍ ഉള്ള വലിയ മാര്‍ജ്ജാരന്മാരുടെ ഇരയായി കുലം മുടിയാതെയും രക്ഷിച്ച് മനുഷ്യവര്‍ഗ്ഗത്തെ ബാക്കിയാക്കിയത് നായയുടെയും മനുഷ്യന്റെയും അഭേദ്യമായ കൂട്ടുകെട്ടാണ്. മനുഷ്യൻ മനുഷ്യന് വേണ്ടി നായയെ കാലങ്ങളോളം എടുത്ത് വിധിവ രൂപങ്ങളിലേക്ക് ഭാവങ്ങളിലേക്ക് ബ്രീഡ് ചെയ്തത് നിലനിർത്തുകയായിരുന്നു.

ALSO READ: ‘എല്ലാവർക്കും വശം ഒതുങ്ങിക്കൊടുത്തു, ഞാൻ ആരെയും തടഞ്ഞു നിർത്തിയില്ല’; കലാഭവൻ ഹനീഫിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

നന്ദിയില്ലാത്ത നായ എന്ന പ്രയോഗം നമ്മള്‍ ഉപയോഗിക്കുമ്പോഴും നായകളിൽ 99 ശതമാനവും നന്ദിയുള്ളവയാണ് എന്ന വസ്തുത മറക്കരുത്. വീടിന്റെ അകത്തളത്തിലും അടുക്കളയിലും വിഹരിക്കുന്ന പൂച്ചകളേക്കാൾ വിവേകവും നന്ദിയും സ്നേഹവും നായയ്ക്ക് മനുഷ്യനോടുണ്ട്. അത് ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായതല്ല, നൂറ്റാണ്ടുകൾ നീണ്ട പ്രക്രിയകൾക്കൊടുവിൽ സംഭവിച്ചതാണ്. മാനവ പരിണാമ ചരിത്രത്തില്‍ ഒരു ദശാസന്ധിയില്‍ , ചെന്നായകള്‍ നമ്മോടൊപ്പം ചേര്‍ന്ന് പരിണമിച്ചാണ് ഇണങ്ങിയ നായകളായി മാറിയതും മനുഷ്യ മഹായാത്ര ആരംഭിച്ചതും.

യൂറേഷ്യയില്‍ നിയാണ്ടര്‍ത്താലുകള്‍ എന്ന മറ്റൊരു വിഭാഗം ജീവിച്ചിരുന്ന കാലത്ത് അവിടത്തേക്ക് ആഫ്രിക്കയില്‍ നിന്ന് എത്തിയ ഹോമോ സാപ്പിയന്‍സ് പിതാമഹര്‍ പതിനായിരക്കണക്കിന് കൊല്ലക്കാലം അതിജീവന മത്സരത്തില്‍ ആയിരുന്നു. നിയാണ്ടര്‍ത്താലുകള്‍ ഭൂമുഖത്ത് നിന്ന് എങ്ങിനെ പൂര്‍ണ്ണമായും അപ്രത്യക്ഷരായി എന്നതിന് പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും , നിയാണ്ടാര്‍ത്താലുകള്‍ക്ക് ലഭ്യമാകാത്ത ചില സവിശേഷ സൗകര്യങ്ങള്‍ മനുഷ്യർക്ക് ലഭിച്ചതാകാം അവരുടെ അതിജീവനത്തിന് സഹായിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. കൂടെക്കൂടിയ, ഇണങ്ങിയ ചെന്നായക്കൂട്ട് ആവാം അതില്‍ ഒന്ന്. നൊമാഡുകളായി (നാടോടികൾ) പെറുക്കിത്തിന്നും വേട്ടയാടിയും പതുക്കെ സഞ്ചരിച്ച് മുന്നേറിയ മനുഷരുടെ ചെറു സംഘത്തിനൊപ്പം, സമാന ഗോത്ര – സാമൂഹ്യ സ്വഭാവവും പരസ്പര വിനിമയ രീതികളും ഉള്ള യൂറേഷ്യന്‍ ചാരച്ചെന്നായക്കൂട്ടങ്ങള്‍ ( grey wolf- Canis lupus )എന്തോ കാരണത്താല്‍ പിന്തുടര്‍ന്നിരിക്കാം. മനുഷ്യരുടെ വേട്ടകളിലെ ബാക്കിവരുന്ന മാംസവശിഷ്ടങ്ങളും മറ്റും അധ്വാനിക്കാതെ തിന്നാന്‍ കിട്ടും എന്നു മനസിലാക്കി കൂടെ കൂടിയതുമാവാം. ചെന്നയ്ക്കളിലെ മനുഷ്യഭയം ഇല്ലാത്ത, പേടി കുറവുള്ള , ശൗര്യം കുറഞ്ഞ ചെന്നായകളോട് – മനുഷ്യര്‍ ഇഷ്ടം കാണിച്ചിരിക്കാം. ഓമനത്തം ഉള്ള ചെന്നായ് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രസത്തിന് കൂടെ എടുത്തിരിക്കാം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉള്ള മനുഷ്യര്‍ അന്ന് വേട്ടയാടാന്‍ കഴിവുള്ളവരാണെങ്കിലും ആള്‍പ്പൊക്കത്തിലുള്ള പുല്‍മേടുകളില്‍ വലിയ നീണ്ടു വളഞ്ഞ പല്ലുകളുള്ള ഹ്രിംസ ജന്തുക്കളുടെ സാന്നിദ്ധ്യം തൊട്ട് മുന്നില്‍ എത്തും വരെ അറിയാന്‍ കഴിയുകയില്ലായിരുന്നു. അത് ചിലപ്പോള്‍ ജീവന്‍ അപായപ്പെടുത്തും. എന്നാല്‍ ചുറ്റിപറ്റി കൂടെ കൂടിയ ചെന്നായക്കൂട്ടങ്ങള്‍ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം മുന്നേതന്നെ മണത്തറിഞ്ഞ് ഉണ്ടാക്കുന്ന ശബ്ദ സൂചനകള്‍ ഹോമോ സാപ്പിയന്മാരേയ്യും അപകടത്തില്‍ ചാടാതെ രക്ഷിച്ചു. ചെന്നയ് പറ്റങ്ങള്‍ ഓടിച്ച് തളര്‍ത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്തിക്കൊല്ലാന്‍ ഇവര്‍ക്ക് എളുപ്പവുമായി. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും , കഠാരപ്പല്ലുകള്‍ ഉള്ള വലിയ മാര്‍ജ്ജാരന്മാരുടെ ഇരയായും കുലം മുടിഞ്ഞ് തീരാതെ രക്ഷിച്ച് മനുഷ്യവര്‍ഗ്ഗത്തെ ബാക്കിയാക്കിയത് ആ കൂട്ടുകെട്ടാണ്. (പാവം നിയാണ്ടര്‍ത്തലുകള്‍ക്ക് ഈ സൗകര്യം ചിലപ്പോള്‍ കിട്ടിക്കാണില്ല). അന്ന് കൂടെ കൂടി പരിണമിച്ച് ഉണ്ടായ നായകളാണ് മാനവ ചരിത്രത്തില്‍ പിന്നീട് വേട്ടസഹായികളായും കാവല്‍ക്കാരായും കൂടെ തന്നെ കഴിഞ്ഞ് നമ്മെ ഇവിടെ വരെ എത്തിച്ചത്. 14000 വര്‍ഷം മുമ്പ് രണ്ട് കൂട്ടരും തമ്മില്‍ നടന്ന ഈ ഇടപാടില്‍ ആരാണ് ആദ്യം മുൻകൈ എടുത്തതെന്നത് ഇപ്പഴും തര്‍ക്ക വിഷയം ആണ്. അതല്ല 25000 വര്‍ഷം മുമ്പ് തന്നെ ഇത്തരത്തിലൊരു ഇണക്കത്തിന്റെ ആരംഭം സംഭവിച്ചിരിക്കാം എന്ന് കരുതുന്നവരും ഉണ്ട്. യൂറോപ്പിലോ ആര്‍ട്ടിക്കിലെ കിഴക്കന്‍ ഏഷ്യയിലോ ആവാം അത് തുടങ്ങിയതെന്നും വാദം ഉണ്ട്.

ALSO READ: കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ച ദില്ലിയെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം കനത്ത മഴ

കൊടും ശൈത്യം മനുഷ്യരേയും ചെന്നായ്ക്കളേയും ഒറ്റപ്പെടുത്തുകയും ഭക്ഷണത്തിനും അതിജീവനത്തിനുമായി പടപൊരുതുകയും ചെയ്ത ലാസ്റ്റ് ഗ്ലേഷ്യല്‍ മാക്‌സിമ കാലത്ത് (23000 കൊല്ലം മുമ്പ്) സൈബീരിയയില്‍ ആവാം മനുഷ്യനും നായയും തമ്മിലുള്ള ഈ കൂട്ടുകെട്ട് ആരംഭിച്ചതെന്ന് 2021 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. അവിടെ നിന്ന് പടിഞ്ഞാറോട്ട് യൂറേഷ്യയിലേക്കും കിഴക്കോട്ട് അമേരിക്കയിലേക്കും ഇത് വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് പഠനം പറയുന്നത്.

നായകളും മനുഷ്യരും തമ്മിൽ അനിർവചിനീയമായ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. യജമാനനെ കാത്ത് മോർച്ചറിക്ക് മുൻപിലും, കുഴിമാടത്തിലും, ഉപാധികളില്ലാതെ കാത്തിരിക്കുന്ന നായയുടെ സ്നേഹവും മനുഷ്യന്റെ സ്നേഹവും തമ്മിൽ പരിണാമത്തിന്റെ ഏതോ കാലഘട്ടവുമായി കൂട്ടിമുട്ടുന്നുണ്ട്. ഉത്തരാധുനിക കാലത്ത് ഒരുപക്ഷെ നായയില്ലാതെയും ജീവിക്കാം എന്ന നിലയിലേക്ക് മനുഷ്യൻ എത്തിയിട്ടുണ്ട്. എന്നാൽ ചരിത്രത്തിൽ, ആദിമ കാലഘട്ടങ്ങളിൽ നമുക്കൊപ്പം അതിജീവനത്തിന് വേണ്ടി തുഴഞ്ഞ ജീവികളാണവർ. നമുക്ക് പാകപ്പെടുന്ന ബ്രീഡുകളിലേക്ക് നമ്മൾ തന്നെ രൂപങ്ങൾ മാറ്റിയെടുത്തവർ. അതുകൊണ്ട് അവർ കാണിക്കുന്ന നന്ദിയും കടപ്പാടും മനുഷ്യനാണെങ്കിലും ഉപാധികൾ ഉണ്ടെങ്കിലും നമ്മൾ തിരികെ നൽകിയേ മതിയാകൂ.

നായ ഒരു തെറിയല്ല, നന്ദിയില്ലായ്മയുടെ ഉദാഹരണവുമല്ല, പത്തു കൊടുത്താൽ ആയിരമായി തിരിച്ചു കിട്ടുന്ന സ്നേഹം മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News