ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ തകരാർ അപൂർവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഇന്ത്യൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം

ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ തകരാർ അപൂർവ ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഇന്ത്യൻ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. മിഡിൽ ഈസ്റ്റിലെ
തന്നെ ആദ്യ സ്‌പൈന ബൈഫിഡ സങ്കീർണ ശസ്ത്രക്രിയയിലൂടെ അബുദാബിയിലെ മെഡിക്കൽ സംഘം കൈവരിച്ചത് ചരിത്ര നേട്ടം .

ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ വളർച്ചാ തകരാർ പരിഹരിക്കാനുള്ള സങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ഡോക്ടറെന്ന നേട്ടം സ്വന്തമാക്കി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഡോ. മന്ദീപ് സിംഗ്. മേഖലയിലെ ആദ്യ സ്‌പൈന ബൈഫിഡ ശസ്ത്രക്രിയ ഡോ. മന്ദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പൂർത്തിയാക്കിയതോടെയാണ് ഈ അപൂർവ നേട്ടം. കൊളംബിയ സ്വദേശിനിയായ ആരോഗ്യപ്രവർത്തക ലിസ് വാലന്റീന പാര റോഡ്രിഗസിന്റെ 24 ആഴ്ചപ്രായമുള്ള ഗർഭസ്ഥ ശിശുവാണ്‌ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവിതം മാറ്റിമറിക്കാൻ സാധ്യതയുള്ള ഗർഭാശയ ശസ്ത്രക്രിയയാണിത്.

Also Read : അടുത്ത ലോകകപ്പിൽ കളിക്കാനില്ല; കാണിയായി താൻ ഉണ്ടാകുമെന്ന് ലയണൽ മെസി

നട്ടെല്ലിന്റെ അസ്ഥികൾ രൂപപ്പെടാത്തപ്പോൾ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്‌പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്‌ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസർജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കിൽ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും. ഗർഭാവസ്ഥയുടെ 19-25 ആഴ്‌ചയ്‌ക്കിടയിൽ നട്ടെല്ലിലെ തകരാർ പരിഹരിക്കാൻ ഗർഭാശയത്തിൽ നടത്തുന്ന സ്‌പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിർണ്ണായകം. 1,000 ജനനങ്ങളിൽ ഒരു കുട്ടിക്ക് സ്‌പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് ശരാശരി കണക്കുകൾ.

വിജയിച്ചത് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തുള്ള സങ്കീർണ്ണ ശസ്ത്രക്രിയ

സ്പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയയ്ക്കിടെ ഗർഭപാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്താണ് പിറകുവശത്ത് ശസ്ത്രക്രിയ നടത്തുക. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കും. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗർഭപാത്രം അടക്കും. ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ തുടരും. 37 ആം ആഴ്ച സിസേറിയൻ വഴിയാണ് പ്രസവം നടക്കുക. അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലെ ശസ്ത്രക്രിയ മൂന്നു മണിക്കൂറോളം നീണ്ടു.

ആശുപത്രിയിലെ കിപ്രോസ് നിക്കോളൈഡ്സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്ററിൽ നടന്ന അത്യാധുനിക ശസ്ത്രക്രിയയ്ക്കായി ഡോ. മന്ദീപ് ആറംഗ മെഡിക്കൽ സംഘത്തെയാണ് നയിച്ചത്. മലയാളികൾ അടക്കമുള്ള നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും മെഡിക്കൽ സംഘത്തിന് പിന്തുണ നൽകി. ഗർഭാശയത്തിനകത്തെ ഇത്തരം ശസ്ത്രക്രിയ നടത്താൻ പരിശീലിച്ച ലോകത്തെ ചുരുക്കം ചില വിദഗ്ധരിൽ ഒരാളാണ് ബുർജീൽ കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിന്റെ സിഇഒ കൂടിയായ ഡോ. മന്ദീപ് സിംഗ്. ഫീറ്റൽ മെഡിസിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പ്രൊഫ. കിപ്രോസ് നിക്കോളൈഡ്സിന്റെ കീഴിൽ ഡോ. സിംഗ് പരിശീലനം നേടിയിട്ടുണ്ട്, കൂടാതെ ലണ്ടനിലെ ഡെൻമാർക്ക് ഹില്ലിലുള്ള കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഫീറ്റൽ മെഡിസിൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഫീറ്റൽ മെഡിസിൻ കൺസൾട്ടന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Also Read : ‘ക്യാൻസർ ബാധിച്ചപ്പോൾ ലക്ഷണങ്ങൾ പ്രകടമായില്ല’ ; ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ

ശസ്ത്രക്രിയക്ക് ശേഷം അമ്മ സുഖമായിരിക്കുന്നതായും ഓഗസ്റ്റിൽ അബുദാബിലെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുമെന്നാണ് പ്രതീക്ഷയെന്നും ഡോ സിംഗ് പറഞ്ഞു. ജനനത്തിനു ശേഷം, നിയോനാറ്റോളജിസ്റ്റുകൾ, പീഡിയാട്രിക് യൂറോളജിസ്റ്റുകൾ, പീഡിയാട്രിക് ഓർത്തോപീഡിക് വിദഗ്ധർ , പുനരധിവാസ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് തുടർ പരിചരണം ആസൂത്രണം ചെയ്യും.

കൊളംബിയൻ ദമ്പതികൾ വിദഗ്ധ ചികിത്സയ്ക്കായി സഞ്ചരിച്ചത് 14,000 കിലോമീറ്റർ

ഗർഭാവസ്ഥയിലെ സ്പൈന ബിഫിഡ റിപ്പയർ എല്ലായിടത്തും എളുപ്പത്തിൽ ലഭ്യമല്ല. ലോകത്താകെ ഈ സങ്കീർണ്ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. ഏഷ്യയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമുള്ള ദമ്പതികൾ സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഞ്ചരിക്കാറാണ് പതിവ്. എന്നാൽ ഇതിന് ഭാരിച്ച ചിലവാണ് വഹിക്കേണ്ടിവരിക.

20 -ാം ആഴ്‌ചയിലെ സ്‌കാനിൽ കുഞ്ഞിന്റെ സുഷുമ്‌നാ നാഡി ശരിയായി രൂപപ്പെടുന്നില്ലെന്ന് കണ്ടത് ഞെട്ടലുണ്ടാക്കിയെന്ന് ലിസ് വാലന്റീന പാര റോഡ്രിഗസും ഭർത്താവ് ജേസൺ മറ്റിയോ മൊറേനോ ഗുട്ടറസും പറഞ്ഞു. ഗർഭം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയടക്കം ചർച്ചയായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവരാണ്. ജീവിതം ദൈവത്തിന്റെ ദാനമാണെന്നാണ് ഞങ്ങൾ രണ്ടുപേരും കരുതുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് സ്‌പൈന ബൈഫിഡ റിപ്പയർ ചെയ്യുക എന്നതാണ് ഏറ്റവും നല്ല നടപടിയെന്ന് ഞങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചു, ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഏറ്റവും മികച്ച ചികിത്സ നൽകാനാണ് അബുദാബിയിലേക്ക് വരാൻ തീരുമാനിച്ചതെന്ന് ഇരുവരും വ്യക്തമാക്കി.

രോഗശാന്തിയല്ല, എങ്കിലും ജീവിതം മാറ്റാൻ കെല്പുള്ള ചികിത്സാ മാർഗം

സ്‌പൈന ബൈഫിഡ പരിഹാര ശസ്ത്രക്രിയ സ്ഥിരം രോഗശാന്തിയല്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന് ഡോ. സിംഗ് പറഞ്ഞു. മുൻ‌കൂർ ചികിത്സിക്കാതിരുന്നാൽ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയുന്നത് ഇതിലൂടെ തടയാനാകും. പ്രസവശേഷം കുട്ടിക്ക് ഫിസിയോതെറാപ്പിയും മറ്റ് മെഡിക്കൽ വിലയിരുത്തലുകളും നൽകി നില മെച്ചപ്പെടുത്താനുമാകും.

അപകടസാധ്യതകളുണ്ടെങ്കിലും ഗർഭാവസ്ഥയിലെ ശസ്ത്രക്രിയയിലൂടെ സ്പൈന ബൈഫിഡ ബാധിച്ച ശിശുക്കളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകളുമായും സ്പെഷ്യലിസ്റ്റുകളുമായും സഹകരിച്ച് രാജ്യത്ത് ഇത്തരം നൂതന ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഡോ. സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here