
വ്യാജ സമ്മാന തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. റമദാനോടനുബന്ധിച്ച് സമ്മാനം ലഭിച്ചതായും ബാങ്ക് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. റമദാന്‍ മാസത്തോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതികളില്‍ വിജയിയായെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ആളുകളെ ഫോണില്‍ വിളിച്ച് സമ്മാനം കൈപ്പറ്റുന്നതിനായി ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. അതോടൊപ്പം റമദാന്‍ മാസത്തില്‍ സഹായം നല്‍കുന്നതിനായുളള ലിങ്കുകളെന്ന വ്യാജേന ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആളുകളെ കബളിപ്പിക്കാനും തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വരുന്ന സന്ദേശങ്ങളുടെ ആധികാരിത പരിശോധിക്കണമെന്നും തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നും പൊലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൊഹൈല്‍ അല്‍- റഷ്ദി പറഞ്ഞു.
Read Also: യുഎഇ: സ്വകാര്യ മേഖലയിലും ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
നന്മ ചെയ്യാനും ആവശ്യമുള്ളവരെ സഹായിക്കാനും ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക ചാരിറ്റികളുമായും സംഘടനകളുമായും ഇടപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സംശയാസ്പദമായ സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 800 2626 എന്ന നമ്പര്‍ വഴിയോ പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

