
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട ദൌർഭാഗ്യകരമായ സംഭവം ഉണ്ടായി. ഒരുകാരണവശാലും സംഭവിക്കാൻ പാടില്ലാത്തതും ഏറെ വിഷമകരവുമായ സംഭവമാണത്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം ഉപയോഗിക്കാനുള്ള നീക്കമാണ് പ്രതിപക്ഷവും ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്നത്. ആരോഗ്യമന്ത്രിയുടെ രക്തത്തിനായി മുറവിളി കൂട്ടുമ്പോഴും, രാജ്യത്ത് കഴിഞ്ഞ കാലങ്ങളിൽ നടന്ന ചില സംഭവങ്ങൾ വിവാദമാക്കാതിരിക്കാൻ ഇത്തരം മാധ്യമങ്ങളും കോൺഗ്രസ്-ബിജെപി ആദി മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരിക്കിലും പെട്ട് 18 പേർ മരിച്ച സംഭവമാണ് ഇതിൽ പ്രധാനം. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച ആയിരുന്നിട്ട് പോലും ഈ വിഷയം എത്രത്തോളം ചർച്ചയായി? അതുപോലെ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവവും ഓർമയുണ്ടാകുമല്ലോ. ഈ വിഷയത്തിൽ മലയാളത്തിലെ പ്രമുഖ ചാനലിലെ വനിതാമാധ്യമപ്രവർത്തക ചർച്ചയാക്കാൻ നോക്കിയപ്പോൾ, ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ കൂടിയായ ചാനൽ ഉടമ കണ്ണുരുട്ടി പേടിപ്പിച്ചു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ.പി.എൽ കിരീടം നേടിയപ്പോൾ, അത് രാഷ്ട്രീയ നേട്ടമാക്കാൻ, കോൺഗ്രസ് നേതൃത്വം നൽകിയ കർണാടക സർക്കാർ ഒരുക്കിയ സ്വീകരണപരിപാടി വൻ ദുരന്തത്തിൽ കലാശിച്ചു. അന്ന് തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസും ഇവിടുത്തെ മാധ്യമങ്ങളും ഒന്നും ഉരിയാടിയില്ല. തന്നെയുമല്ല, കർണാടക കോൺഗ്രസിലെ ഉൾപ്പോരിന്‍റെ പ്രതിഫലനമായി സിദ്ദരാമയ്യ-ഡി.കെ ശിവകുമാർ പോരും കാണാനായി.
നേരത്തെ ഉത്തർപ്രദേശിലെ മെഡിക്കൽകോളേജിൽ ഓക്സിജൻ കിട്ടാതെ 100 കണക്കിന് കുട്ടികൾ മരണപ്പെട്ട സംഭവത്തിലും നിശബ്ദതയായിരുന്നു മാധ്യമങ്ങളുടെ സ്ഥായിഭാവം. അഹമ്മദാബാദിലെ എയർഇന്ത്യ അപകടത്തിന് ഇടയാക്കിയതിൽ പ്രധാനകാരണങ്ങൾ വിമാനത്തിന്‍റെ കാലപ്പഴക്കവും എഞ്ചിൻതകരാറുമാണെന്ന് വ്യക്തമായെങ്കിലും എയർഇന്ത്യയുടെ തലയിലിട്ട് ഉത്തരവാദിത്തത്തിൽനിന്ന് ഓടിയൊളിക്കാനായിരുന്നു കേന്ദ്രസർക്കാർ ശ്രമം.
എത്രയെത്ര അപകടങ്ങളും ദുരന്തങ്ങളുമാണ് സമീപകാലത്ത് ഉണ്ടായത്. എന്നാൽ അവയൊക്കെ കോൺഗ്രസിനും ബിജെപിയ്ക്കും വലതുപക്ഷമാധ്യമങ്ങൾക്കും വെറും അപകടം മാത്രമായിരുന്നു. അവയൊന്നും ആരും രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. അവിടെയൊന്നും ഒരു മന്ത്രിയുടെയും രാജി ആവശ്യം ഉയർന്നില്ല. കോട്ടയത്ത് മെഡിക്കൽകോളേജിലെ ഉപയോഗിക്കാത്ത കെട്ടിടഭാഗം തകർന്നുവീണതും ഒരാൾ മരിച്ചതു ഏറെ സങ്കടകരമാണ്. എന്നാൽ ഇതിനെ രാഷ്ട്രീയ സുവർണാവസരമാക്കാനും വീണാ ജോർജിനെ രാജിവെയ്പ്പിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചിലർ. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ ആരോഗ്യരംഗത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ, രാഷ്ട്രീയനേട്ടം കൈവരിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ അതെല്ലാം വെറും വ്യാമോഹമായി പര്യവസാനിക്കുമെന്ന് മാത്രമെ, ഇപ്പോൾ പറയാനുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here