മുക്കുപണ്ടം പണയംവച്ച് 7.51 ലക്ഷം രൂപ തട്ടി; ദമ്പതികളില്‍ ഭര്‍ത്താവ് പിടിയില്‍

തൊടുപുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ ദമ്പതികളില്‍ ഭര്‍ത്താവിനെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. 183 ഗ്രാം മുക്കപണ്ടം പണയം വെച്ച് 7.51 ലക്ഷം രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ഉടുമ്പന്നൂര്‍ സ്വദേശി അബ്ദുസലാം അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി ആന്‍സി വിദേശത്തേക്ക് കടന്നു.

2022 നവംബര്‍ 11 മുതല്‍ 2023 ജനുവരി 16 വരെ ഏഴുതവണയായാണ് ദമ്പതികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചത്. കഴിഞ്ഞ ദിവസം സമാനരീതിയില്‍ 3.5 ഗ്രാം തൂക്കം വരുന്ന പൊട്ടിയ ഒരു ചെയില്‍ പണയം വെക്കാനായി പ്രതിയായ ഉടുമ്പന്നൂര്‍ സ്വദേശി അബ്ദുസലാം സ്ഥാപനത്തിലെത്തി.

എന്നാല്‍ സ്വര്‍ണം പരിശോധിച്ച ജീവനക്കാരന് സംശയം തോന്നിയതിനെത്തുടര്‍ന്ന് സമീപത്തെ സ്വര്‍ണക്കടയിലെത്തിച്ച് പരിശോധന നടത്തി. ഇതോടെയാണ് ആഭരണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് അബ്ദുള്‍ സലാമും ഭാര്യ ആന്‍സിയും പണയം വെച്ചിരുന്ന മുഴുവന്‍ ഉരുപ്പടികളും പരിശോധിച്ചു. ഇതോടെയാണ് മുഴുവന്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.

ഇതേതുടര്‍ന്ന് പണം തിരികെ വേണമെന്ന് സ്ഥാപന ഉടമ, അബ്ദുസലാമിനോട് ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. പൊലീസില്‍ സ്ഥാപന ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അബ്ദുസലാമിന്റെ ഭാര്യ ആന്‍സിയാണ് കേസിലെ ഒന്നാം പ്രതി. ആന്‍സിയുടെ പേരിലാണ് കൂടുതല്‍ മുക്കുപണ്ടം പണയം വെച്ചിരുന്നത്. നഴ്‌സായ ആന്‍സി കഴിഞ്ഞ മാസം വിദേശത്തേക്ക് പോയിരുന്നു.
സലാമും ഭാര്യയും ചേര്‍ന്ന് മറ്റെവിടെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News