സോളാർ ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ

റോഡുവക്കിൽ സ്ഥാപിച്ച മിനി മാസ്റ്റ് സോളാർ ലാമ്പിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. വടശ്ശേരിക്കര പേഴുംപാറ കാവനാൽ ജംഗ്ഷന് സമീപം സ്ഥാപിച്ചിരുന്ന 17000 രൂപ വിലവരുന്ന സോളാർ ലൈറ്റിന്റെ ബാറ്ററിയാണ് മോഷ്ടാക്കൾ സ്കൂട്ടറിലും ബൈക്കിലുമെത്തി കടത്തിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്.

പെരുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സീതത്തോട് തേക്കിൻമൂട് വലിയകാലയിൽ വീട്ടിൽ നിന്നും വടശ്ശേരിക്കര ഒളികല്ല് സരസ്വതി കുഞ്ഞമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ മകൻ ബിനുകുമാർ (44),മലയാലപ്പുഴ താഴം നഗരൂർ വീട്ടിൽ ശാസ്താവിന്റെ മകൻ മോഹനൻ (54) എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്ത് ആറാം വാർഡ്‌ അംഗം അശ്വതി സ്റ്റേഷനിലേക്ക് വിളിച്ച് രണ്ടുപേർ ബാറ്ററി കടത്തിക്കൊണ്ട് മാമ്പാറ ഭാഗത്തേക്ക് പോകുന്നതായുള്ള വിവരം അറിയിച്ചതിനെതുടർന്ന് പെരുനാട് പൊലീസ് സ്ഥലത്തെത്തി. മോഷ്ടാക്കളുടെ വേഷത്തെപ്പറ്റിയുള്ള സൂചനയും കിട്ടിയിരുന്നു. പൂക്കുഞ്ഞ് എന്നയാൾ നൽകിയ സൂചനയും പ്രതികളെ വളരെ പെട്ടെന്ന് തന്നെ കുടുക്കാൻ പൊലീസിന് സഹായകമായി. പൊലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ, പ്രതികൾ കടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ തിരയുകയും, പെരുനാട് വടശ്ശേരിക്കര റോഡിൽ വാഹനപരിശോധന നടത്തുകയും ചെയ്തു. മാടമൺ ഹൃഷികേശ ക്ഷേത്രത്തിനു മുൻവശം റോഡിൽ വാഹനങ്ങൾ പരിശോധിക്കുമ്പോൾ, 2.10 ന് അതുവഴി വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള മോട്ടോർ സൈക്കിൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ കടന്നുപോകാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഹനനെ തിരിച്ചറിഞ്ഞത്. പിന്നാലെ വന്ന സ്കൂട്ടർ തിരിച്ച് പെരുനാട് ഭാഗത്തേക്ക് ഓടിച്ചുപോയപ്പോൾ സംശയം തോന്നി മോഹനനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. സ്കൂട്ടർ ഓടിച്ചത് ബിനുകുമാർ ആണെന്നും, തങ്ങൾ ഇരുവരും ചേർന്നാണ് ബാറ്ററി മോഷ്ടിച്ചതെന്നും, ബാറ്ററി സ്കൂട്ടറിലാണ് കടത്തിയതെന്നും ഇയാൾ സമ്മതിച്ചു.

തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനനെ പെരുനാട് സി എച്ച് സിയിലേക്ക് അയച്ച് ചികിത്സ ലഭ്യമാക്കുകയും, ബൈക്ക് റോഡുവക്കിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. പിന്നീട്, ബിനുകുമാറിനെ തെരഞ്ഞപ്പോൾ പേഴുംപാറ ഭാഗത്തേക്കാണ് കടന്നതെന്ന് വ്യക്തമായി. പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു, എന്നാൽ ഇയാളെ അരീക്കക്കാവിൽ നാട്ടുകാർ തടഞ്ഞുവച്ചതായറിഞ്ഞ പൊലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്കൂട്ടർ പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാടമൺ കൊട്ടൂപ്പാറ റോഡിന്റെ തെക്കുവശം സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ ബാറ്ററി കണ്ടെടുത്തു. ഒന്നാം പ്രതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനാൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. അനന്തര നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പൊലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐമാരായ വിജയൻ തമ്പി, രവീന്ദ്രൻ നായർ, റെജി തോമസ്,എസ് സി പി ഓ ജിജു, സലിം,പ്രദീപ്‌, സുജിത് എന്നിവരും ചേർന്ന് വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് അതിവേഗം മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചത്.

Also Read: പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പ് കേസ്; കെ കെ അബ്രഹാമിന് ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News