
റാപ്പർ വേടനെതിരായ കേസിലെ നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വനം വകുപ്പ് മേധാവി. കേസിനെ തുടർന്നുള്ള നടപടികളിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. ശ്രീലങ്കൻ ബന്ധം ആരോപിച്ചതും മാധ്യമങ്ങൾക്ക് വിശദാംശങ്ങൾ നൽകിയതും വീഴ്ചയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പുലിപ്പല്ല് കൈവശം വെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ റാപ്പർ വേടനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ സമീപനമാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മേധാവിക്ക് അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയത്.
കേസിനെ തുടർന്നുണ്ടായ ചില നടപടികളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്ന റിപ്പോർട്ടാണ് വനം മേധാവി സമർപ്പിച്ചിരിക്കുന്നത്. ശ്രീലങ്കൻ ബന്ധം ആരോപിച്ച് നടത്തിയ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ മാധ്യമങ്ങൾക്ക് വിശദാംശങ്ങൾ കൈമാറിയത് തെറ്റാണെന്നും വനം മേധാവിയുടെ റിപ്പോർട്ടിലുണ്ട്.
വനംമേധാവിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ വൈകാതെ നടപടിയെടുക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാണിച്ചതിനാൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വേടനെതിരെ കേസെടുത്തത് സ്വാഭാവിക നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചത് ചട്ട പ്രകാരമുള്ള നടപടികൾ മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

