
മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് പിറന്നാളാണ്. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു മനുഷ്യൻ. പ്രായഭേദമന്യേ എല്ലാവരും അയാളെ ലാലേട്ടനെന്ന് സ്നേഹത്തിന്റെ മധുരം പുരട്ടി വിളിച്ചു. അഭിനയത്തിൽ ആരാണ് മോഹൻലാൽ എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല. ആരല്ല എന്ന ചോദ്യമാകും ഉത്തരം പറയാൻ കുറച്ചുകൂടി എളുപ്പം. കാരണം മോഹൻലാലില്ലാത്ത മലയാള സിനിമയെ അടയാളപ്പെടുത്തുക അസാധ്യമാണ്. മോളിവുഡിനെ മോഹൻലാൽവുഡെന്ന് പോലും നമുക്ക് വിളിക്കാം.
കൈവിരലുകൾ പോലും അഭിനയിക്കുന്ന മാജിക്, സംഘട്ടനവും നൃത്തവും ഒരുപോലെ വഴങ്ങുന്ന അനായാസ മെയ്‌വഴക്കം, കണ്ണുകളിലെ തീക്ഷ്‌ണതയും ആഴവും, ഒരായിരം ഭാവങ്ങൾ മിന്നിമറയുന്ന ദി ലാൽ ഇഫക്ട്… ഇതിൽ വീഴാത്ത മലയാളികളുണ്ടോ? നമുക്കയാൾ ജോജിയാണ്, അപ്പുക്കുട്ടനാണ്, നീലകണ്‌ഠനാണ്, തോമയാണ്, ആനന്ദനാണ്, അശോകേട്ടനാണ്, ജയകൃഷ്‌ണനാണ്, രാജീവാണ്, കുഞ്ഞിക്കുട്ടനാണ്, രമേശനാണ്, എബിയാണ്, വലിയകത്തു മൂസയാണ്, ശിവൻകുട്ടിയാണ്, ബാലേട്ടനാണ്, അങ്ങനെയങ്ങനെ ആരെല്ലാമോ ആണ്.

മോഹൻലാൽ കരഞ്ഞപ്പോൾ നമ്മളും കരഞ്ഞു, ചിരിച്ചപ്പോൾ പുഞ്ചിരിച്ചു, വേദനിച്ചപ്പോൾ നമ്മുടെ ഉള്ളും നീറി. മോഹൻലാൽ ചിരിച്ചാൽ ലൈറ്റ് ഹൗസാണെന്ന് പറഞ്ഞത് കമൽഹാസനാണ്. ആ ചിരി നമുക്ക് സ്വന്തമെന്ന് മലയാളികൾ തെല്ലൊരു അഹന്തയോടെ പറയും.
സേതുമാധവൻ തകർന്നിരിക്കുമ്പോൾ കാഴ്ചക്കാരും വിങ്ങുന്നത് ആ കഥാപാത്രത്തെ അത്രയേറെ ഭാവുകത്വത്തോടെ മോഹൻലാൽ അവതരിപ്പിച്ചതോട് കൂടിയുമാണ്. ‘രാജാവിന്റെ മകനി’ലെ വിൻസെന്റ് ഗോമസിനെയും ‘ഇരുപതാം നൂറ്റാണ്ടി’ലെ സാഗർ ഏലിയാസ് ജാക്കിയെയും ‘ആറാം തമ്പുരാനി’ലെ ജഗന്നാഥനെയും ’ദേവാസുര’ത്തിലെ നീലകണ്ഠനെയും ‘സ്ഫടിക’ത്തിലെ തോമയെയും ആവേശത്തോടെയാണ് ആരാധകർ കണ്ടത്. പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ച കഥാപാത്രങ്ങൾ അതിലേറെയുണ്ട്.

വില്ലനായി വന്ന് മലയാളത്തിന്‍റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറാൻ മോഹൻലാലിന് കഴിഞ്ഞു. ലോകസിനിമയിലെ മികച്ച അഭിനേതാക്കാളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഒരു സ്ഥാനം മോഹൻലാലിനായി ഒഴിച്ചിട്ടിട്ടുണ്ടാകും. ദശാബ്‌ദങ്ങൾക്കിപ്പുറവും മലയാളികളെ അയാൾ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നുമെന്നും മലയാള സിനിമ ആ ചരിഞ്ഞ തോളിൽ ഭദ്രം.
ALSO READ: കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാളത്തിൻ്റെ ‘അമ്മ അറിയാൻ’
1980ൽ ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ വില്ലനായി മോഹൻലാൽ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചു. പിന്നീട് ‘രാജാവിന്‍റെ മകനി’ലൂടെ താരപദവിയിലേക്ക്. അവിടെ നിന്നിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ, പറഞ്ഞാൽ തീരാത്തത്ര അഭിനയ മുഹൂർത്തങ്ങൾ. ഇനിയും മലയാളികൾക്ക് ആ നടനം മടുത്തിട്ടില്ല, കണ്ട് മതിയായിട്ടില്ല. ഓരോ സിനിമാപ്രഖ്യാപനത്തിലും ആരാധകർ ആവേശം കൊള്ളുന്നു, ഇനിയെന്ത് മാജിക്കാണ് ഈ മനുഷ്യൻ കാട്ടാൻ പോകുന്നതെന്ന് അത്ഭുതം കൂറുന്നു. പ്രിയപ്പെട്ട ലാലേട്ടാ… ഇനിയും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരിക്കുക, ആ ലാൽ മാജിക്കിനായി ഞങ്ങളിവിടെ എന്നുമുണ്ടാകും… പിറന്നാൾ ആശംസകൾ മലയാളത്തിന്റെ മോഹൻലാലിന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

