ഉള്ളുതൊട്ട മോഹൻലാൽ കഥാപാത്രങ്ങളിലൂടെ… നിങ്ങളുടെ ഫേവറിറ്റുകളുമുണ്ടോ കൂട്ടത്തിൽ?

Mohanlal Cinema

കുട്ടിക്കാലത്തെ സിനിമാകാഴ്ചകളെ കൂടുതൽ മനോഹരമാക്കിയതും വള‌‌‍‌ർത്തിയതും മോഹൻലാൽ സിനിമകളാണ്. കൈകൾ പോലും അഭിനയിക്കുമെന്ന് ആരോ പറഞ്ഞത് കേട്ട് ആ കൈകളിലേക്ക് മാത്രം എത്രവട്ടം നോക്കിയിരുന്നിരിക്കുന്നു! പറഞ്ഞത് ശരിയെന്ന് സന്തോഷത്തോടെ അടക്കം പറഞ്ഞിരിക്കുന്നു!

എല്ലാവർക്കും കാണും അവരുടേതായ ഫേവറിറ്റ് മോഹൻലാൽ സിനിമകൾ, കഥപാത്രങ്ങൾ. ഉളളു കുത്തിത്തുറന്ന്, വലിയ നീറ്റൽ തന്ന് അവിടെ കയറി താമസമാക്കിയ കഥാപാത്രങ്ങൾ. ചിരിപ്പിച്ച, സന്തോഷിപ്പിച്ച കഥാപാത്രങ്ങൾ. ആവേശത്തിന്റെ കൊടുമുടി കയറ്റിച്ച കഥാപാത്രങ്ങല്ള്‍. പറയാൻ പോകുന്നത് അങ്ങനെ ചില കഥാപാത്രങ്ങളെ കുറിച്ചാണ്.

ലാലേട്ടൻ കഥാപാത്രങ്ങളിലൂടെ…

എവിടെ തുടങ്ങണമെന്ന ശങ്ക വരുന്നത് മഹാപ്രളയം പോലെ കുത്തിയൊലിച്ചെത്തുന്ന കഥാപാത്രങ്ങളുടെ ബാഹുല്യം കൊണ്ടാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ ഓർമയില്ലേ? അവിടെ നിന്നാണല്ലോ യാത്രയുടെ കിക്ക് സ്റ്റാർട്ട്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ പിന്നെയും വിരിഞ്ഞു എത്രയോ വില്ലൻ കഥാപാത്രങ്ങൾ. പെട്ടെന്ന് തന്നെ പ്രതിനായക കഥാപാത്രങ്ങളില്‍നിന്ന് നർമത്തിന്റെ മേമ്പൊടിയിൽ മുങ്ങിയ കഥാപാത്രങ്ങളിലേക്ക് മോഹൻലാലിലെ നടൻ പറിച്ചുനടപ്പെട്ടു. പിന്നീട് വന്ന പ്രിയദർശൻ സിനിമകൾ സ്വാഭാവികാഭിനയത്തിന്റെയും നർമത്തിന്റെയും മോഹൻലാൽ വേർഷൻ എല്ലാവർക്കും കാണിച്ചുകൊടുത്തു.

സത്യൻ – അന്തി‌ക്കാട് മോഹൻലാൽ സിനിമകളും പലരുടെയും പ്രിയപ്പെട്ടതാണ്. ടി. പി ബാലഗോപാലന്‍ എം.എയിലെ ബാലഗോപാലനും നാടോടിക്കാറ്റിലെ ദാസനുമെല്ലാം സാധാരണക്കാരന്റെ നിസ്സഹായതയും വേദനകളുമെല്ലാം സ്വാംശീകരിച്ച കഥാപാത്രങ്ങളാണ്. ദശരഥത്തിലെ രാജീവോ? സന്മനസ്സുള്ളവര്‍ക്കു സമാധാനം സിനിമയിലോ ​ഗോപാലകൃഷ്ണ പണിക്കറും നമ്മുടെ ഹൃദയം കീഴടക്കുന്നുണ്ട്.

കിരീടത്തിലെ സേതുമാധവൻ തരുന്ന ഹൃദയവേദനയെ മറികടക്കാൻ മലയാള സിനിമാസ്വാദകർ ഇന്നും ശീലിച്ചുകാണില്ല. സേതുമാധവന് തന്റെ ജീവിതം കൈവിട്ടുപോകുമ്പോൾ മലയാളികളും ഹൃദയംകൊണ്ട് കരഞ്ഞു. വേറെയുമുണ്ട് കരയിപ്പിച്ച കഥാപാത്രങ്ങൾ. തന്മാത്രയും ഭ്രമരവും വീണ്ടും കാണാൻ മനസ് അനുവദിക്കാറില്ല. ഇവയ്ക്ക് പുറമെ സദയം, ഭരതം, താഴ്‌വാരം, പാദമുദ്ര, വാസ്തുഹാര, കമലദളം, രാജശില്‍പി, പ്രണയം, പരദേശി എന്നിവയെല്ലാം മോഹൻലാലിലെ അഭിനത്തികവിന്റെ മുഖമുദ്രകളാണ്. കടുത്ത വേദനയുടെയും പ്രണയനഷ്ടത്തിന്റെയും നിരാശയുടെയും രോ​ഗാവസ്ഥകളുടെയും ഭാരം പ്രേക്ഷകരിലേക്കും നിഷ്പ്രയാസം മോഹൻലാൽ ഇറക്കിവയ്ക്കുന്നു.

മലയാളത്തിലെ എവ‌ർ​ഗ്രീൻ സിനിമയും കഥാപാത്രവുമാണ് തൂവാനത്തുമ്പികളും ജയകൃഷ്ണനും. മോഹൻലാലല്ലാതെ ജയകൃഷ്ണനായി മറ്റൊരാളെ ചിന്തിക്കുന്നത് പോലും മലയാളികൾക്കിഷ്ടമല്ല. മണിച്ചിത്രത്താഴും വിയറ്റ്‌നാം കോളനിയും കന്മദവും ഹിസ് ഹൈനസ് അബ്ദുള്ളയും മിഥുനവും നരനും സ്ഫടികവും എല്ലാം മലയാളികൾക്കിഷ്ടമാണ്. നാടോടിക്കാറ്റിനും ഛോട്ടാ മുംബൈയ്ക്കും കിലുക്കത്തിനും ചിത്രത്തിനും പ്രത്യേക ഫാൻ ബേസുണ്ട്. മോഹൻലാലിലെ കുസൃതിക്കാരനെയും പ്രേക്ഷകർക്കിഷ്ടമാണ്.

മുണ്ടുപറിക്കുന്ന ​തോമയും മീശപിരിക്കുന്ന മം​ഗലശേരിയിലെ ഫ്യൂഡൽ ചട്ടമ്പിയും ആരാധകർക്ക് ആവേശമാണ്. ആറാം തമ്പുരാനിലെ ജ​ഗന്നാഥനും അവർ കൈയടിക്കുന്നു. ആ കൈയടി ഇന്നും തുടരുന്നു. വാനപ്രസ്ഥം കണ്ട് അന്തംവിട്ടവർ ദി കംപ്ലീറ്റ് ആക്ടർ ടെംപ്ലേറ്റ് അറിയാത്തവരാണോ?! ഇവിടെ എന്തും പോകും, കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്.

ഈ 66-ാം വയസിലും മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമാലോകം തന്നെ മോഹൻലാലിനെ ഉറ്റുനോക്കുന്നു, ഈ മനുഷ്യൻ ഇനിയെന്താണ് ചെയ്യാൻ പോകുന്നതെന്ന കൗതുകത്തോടെ! ഇനി വല്ലതും ചെയ്യാൻ ബാക്കിയുണ്ടോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല, ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു മൊമന്റുമായി അപ്പോഴേക്കും വന്നുകാണും അവരുടെ പ്രിയപ്പെട്ട ലാലേട്ടൻ, പുതിയ ഭാവത്തിൽ… പുതിയ രൂപത്തിൽ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News