
നടിയെ ആക്രമിച്ച കേസിൽ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജഡ്ജി പിൻമാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ അതിജീവിതയുടെ പുതിയ ഹർജിയിൽ വാദം കേള്‍ക്കുന്നതിനിടെ ആണ് ജഡ്ജിയുടെ പിൻമാറ്റം. അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
രാവിലെ ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് മുൻപ് കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഭരണപരമായ പരിധിയ്ക്കുള്ളിൽ ഈ വിഷയം നേരത്തെ ഉന്നയിച്ചിരുന്നോയെന്ന ചോദ്യം കോടതി ആരാഞ്ഞത്. പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് അതിജീവിതയുടെ വക്കീൽ അറിയിച്ചു. ഇതിന് പിന്നാലെ ആയിരുന്നു ജഡ്ജിയുടെ പിന്മാറ്റം.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി വിശദമായി കേൾക്കാമെന്ന് ഹൈകോടതി അറിയിച്ചു. നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പുതിയ ഹർജിയാണ് മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തിൽ ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

