വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; പ്രകൃതി വാതകത്തിന്റെ വില കുറച്ച് അദാനി ടോട്ടൽ ​ഗ്യാസ് ലിമിറ്റഡ്

adani total gas adani group

വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന അധിക പ്രകൃതിവാതകത്തിന്റെ വില സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 119.90 രൂപയില്‍ നിന്ന് 82.95 രൂപയായി കുറച്ചതായി അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അപ്‌സ്ട്രീം വില കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറുക എന്നതാണ് ഈ പരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെയും ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിസിന്റെയും സംയുക്ത സംരംഭമാണ് ടോട്ടല്‍ ഗ്യാസ്. നിലവിലെ വിതരണ പരിമിതികള്‍ക്കിടയില്‍ സ്ഥിരതയുള്ളതും തുല്യമായതുമായ ഗ്യാസ് വിതരണം ഉറപ്പാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ എല്‍എന്‍ജി വിതരണത്തില്‍ തടസമുണ്ടായ സാഹചര്യത്തില്‍ വാണിജ്യ-വ്യാവസായിക ഉപഭോക്താക്കള്‍ ഉപഭോഗം കരാര്‍ ചെയ്ത അളവിന്റെ 40 ശതമാനമായി കുറയ്ക്കണമെന്ന് അദാനി ടോട്ടല്‍ ഗ്യാസ് അഭ്യര്‍ത്ഥിച്ചു. ഈ പരിധിക്ക് പുറത്തുള്ള ഉപഭോഗത്തിന് സ്പോട്ട് മാര്‍ക്കറ്റ് നിരക്കുകള്‍ ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ വിഭാഗത്തിന് നിരക്ക് ഇളവും ബാധകമാകില്ല.

Also read : രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്: ​ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം

അധിക ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച മറ്റ് നിബന്ധനകള്‍ മാറ്റമില്ലാതെ തുടരുമെന്നും നിലവിലുള്ള ഉത്തരവ് പ്രകാരം വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള 80 ശതമാനം വിതരണത്തെക്കുറിച്ച് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ നിന്ന് വ്യക്തത തേടിയിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ പ്രതിസന്ധി വാതക വിതരണത്തെ ബാധിച്ചെങ്കിലും വീടുകള്‍ക്ക് വിതരണം ചെയ്യുന്ന സിഎന്‍ജിയുടെയും പൈപ്പ് ലൈന്‍ വഴി ലഭിക്കുന്ന പാചക വാതകത്തിന്റെയും വില കമ്പനി വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ വലിയ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വിതരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഗ്യാസിന്റെ ഏകദേശം 70 ശതമാനവും സിഎന്‍ജി ഉപയോക്താക്കള്‍ക്കും പൈപ്പ് ലൈന്‍ വഴി ഗാര്‍ഹിക അടുക്കളകള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാണ് കമ്പനി വിതരണം ചെയ്യുന്നത്. വാഹന ഉടമകള്‍ക്കും വീടുകള്‍ക്കുമുള്ള ഗ്യാസ് വിലയില്‍ മാറ്റമുണ്ടാകില്ല.

മറ്റൊരു 30 ശതമാനം ഗ്യാസ് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി വഴിയാണ് ലഭ്യമാക്കുന്നത്. ഇത് പ്രധാനമായും വാണിജ്യ-വ്യാവസായിക ഉപയോക്താക്കള്‍ക്കാണ് വിതരണം ചെയ്യുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യയുടെ ഗ്യാസ് വിതരണത്തെ ബാധിച്ചപ്പോള്‍ സിഎന്‍ജി, പൈപ്പ് വഴി ലഭിക്കുന്ന പാചക വാതക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഗ്യാസ് വിഹിതം പുനഃക്രമീകരിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വിലയും ഉപയോക്താക്കള്‍ക്കായി പുനഃക്രമീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ഗ്യാസ് വിലയുടെ ഗുണമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതെന്ന് കമ്പനി അറിയിച്ചു. പ്രതിസന്ധികള്‍ക്കിടയിലും ഗ്യാസ് വിതരണം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നതായും കമ്പനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News