
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്. എഡിബി പ്രസിഡന്റ് മസാറ്റോ കാണ്ടയുമായി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുനിസിപ്പൽ അടിസ്ഥാന സൗകര്യ വികസനം, മെട്രോ വിപുലീകരണങ്ങൾ, പുതിയ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴികൾ, നഗര സേവനങ്ങളുടെ നവീകരണം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വൻമാറ്റം കൊണ്ടുവരുന്നതിനാണ് 10 ബില്യൺ ഡോളർ നിക്ഷേപം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എഡിബി പ്രസ്താവനയിൽ പറഞ്ഞു.
“പൊതു-സ്വകാര്യ മേഖലകളിലെ ധനകാര്യവും, വിജ്ഞാന സഹകരണവും വർധിപ്പിക്കുന്നതിലൂടെയും, മൂലധനം സമാഹരിക്കുന്നതിലൂടെയും, 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കാനും 1.4 ബില്യൺ ജനങ്ങൾക്ക് സമഗ്രവും, സുസ്ഥിരവുമായ വളർച്ചക്കുള്ള അന്തരീക്ഷമൊരുക്കാനും ഞങ്ങൾ തയാറാണ്’ എന്ന് മസാറ്റോ കാണ്ട പറഞ്ഞു.
ജലവിതരണം, ശുചിത്വം, ഭവന നിർമ്മാണം, ഖരമാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ 22 സംസ്ഥാനങ്ങളിലായി 110 ലധികം നഗരങ്ങളുമായി എഡിബിക്ക് സഹകരണമുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here