
പി വി അൻവർ ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിക്കണമെന്ന് അടൂർ പ്രകാശ്. പരാമർശം പിൻവലിക്കണമെന്നത് യു ഡി എഫ് ഏകകണ്ഡമായി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റ് മെമ്പർ ആകാമെന്നത് നേരത്തെ തീരുമാനിച്ചതാണ്. അൻവർ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു.
നിലമ്പൂരിൽ വിജയ സാധ്യത ഇല്ല എന്ന് കാലേക്കൂട്ടി പ്രഖ്യാപിക്കാൻ ആവില്ല. രാഷ്ട്രീയ പോരാട്ടം വരുന്നതാണ് നല്ലതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തൃണമൂലിനെ മുന്നണിയിൽ എടുക്കുന്നതിൽ തങ്ങൾക്ക് തീരുമാനമെടുക്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതുകൊണ്ടാണ് അസോസിയേറ്റ് മെമ്പർ ആക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ അൻവറിനെതിരെ യോഗത്തിൽ വിമർശനമുയർന്നിരുന്നു. മുന്നണി മര്യാദകൾ പാലിക്കാൻ അൻവർ തയ്യാറായില്ലെന്ന് ഫോർവേഡ് ബ്ലോക്ക് അഭിപ്രായപ്പെട്ടു. മുന്നണിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണി സ്വരം ഉയർത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ പറഞ്ഞു. പിവി അൻവറിനെ യുഡിഎഫ് തീരുമാനം അറിയിക്കാൻ അടൂർ പ്രകാശിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ അൻവർ മാധ്യമങ്ങളെ കണ്ടേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

