
കുട്ടിക്കാലത്ത് ആശുപത്രികളിൽ പോയി കുത്തിവയ്‌പ്പുകൾ എടുത്തിട്ടില്ലേ നിങ്ങൾ ? അന്നൊക്കെ പറഞ്ഞതിന് ഒരു കുറവും ഉണ്ടാവില്ല.. എന്നാൽ ഈ വാക്സിനുകൾ കുട്ടികൾക്ക് മാത്രമുള്ളതാണോ ? അല്ലെന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുതിർന്നവർക്കും മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വാക്സിനുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിനെ കുറിച്ച് പലർക്കും അറിവില്ല. കുട്ടിക്കാലത്ത് എടുത്ത വാക്സിനുകളുടെ പ്രതിരോധ ശേഷി ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് ആണ് പലരും കരുതുന്നത്. എന്നാൽ പ്രായം കൂടുന്തോറും ശരീരത്തിന്റെ രോഗപ്രതിരോധ മെമ്മറി കുറയുമെന്നും ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂടുമെന്നും മണിപ്പാൽ ഹോസ്പിറ്റലിലെ നിയോനാറ്റോളജി കൺസൾട്ടന്റ് ഡോ. അഞ്ജലി എസ് രാജ് പറയുന്നത്.
വാക്സിനുകൾ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയാൻ പഠിപ്പിക്കും. കാലക്രമേണ ഈ പ്രതിരോധ ശേഷി കുറയാൻ സാധ്യതയുള്ളതിനാൽ ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ടത് ആവശ്യമാണ്. യാത്രകൾ, തൊഴിലിടങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ നിന്ന് പുതിയ തരം അണുബാധകൾ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർക്ക് ഈ വാക്സിനുകൾ കൂടുതൽ സംരക്ഷണം നൽകുന്നു.
ALSO READ: പാൽ പാക്കറ്റുകളുടെ നിറങ്ങൾക്ക് പിന്നിലെ രഹസ്യം: നീല, പച്ച, ഓറഞ്ച് നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?
മുതിർന്ന ആളുകൾ എടുക്കേണ്ട വാക്സിനുകൾ
ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സിൻ
ഇൻഫ്ലുവൻസ വൈറസുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കാൻ ആണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.
ടിഡാപ്പ് (Tdap) ബൂസ്റ്റർ
ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (വില്ലൻ ചുമ) എന്നിവയ്‌ക്കെതിരെയുള്ള വാക്സിൻ ആണ് ഇത്. ഓരോ 10 വർഷം കൂടുമ്പോഴും എടുക്കേണ്ടതാണ് ഇത്. പരിക്കുകൾ സംഭവിക്കുമ്പോഴോ ഗർഭകാലത്തോ ഇത് എടുക്കുന്നത് പ്രധാനമാണ്.
എച്ച്.പി.വി (HPV) വാക്സിൻ
സെർവിക്കൽ ക്യാൻസർ ഉൾപ്പെടെയുള്ള പല ക്യാൻസറുകളെ തടയാൻ ആണ് ഇത് സഹായിക്കുന്നത്. കൗമാരപ്രായത്തിൽ ഇത് എടുക്കാൻ വിട്ടുപോയ മുതിർന്നവർക്കും ഈ സമയം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് സ്വീകരിക്കാവുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ
കരൾ രോഗം, ലിവർ ഫെയ്‌ലിയർ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നത് ആണ് ഇത്. ആരോഗ്യപ്രവർത്തകർക്കും ഡേകെയർ ജീവനക്കാർക്കും ഈ വാക്സിൻ നിർബന്ധമായും ശുപാർശ ചെയ്യുന്നു.
എം.എം.ആർ (MMR) വാക്സിൻ
അഞ്ചാംപനി, മംപ്‌സ്, റുബെല്ല എന്നിവയ്‌ക്കെതിരെ പ്രതിരോധം നൽകുന്ന വാക്സിൻ ആണ് ഇത്. കുട്ടിക്കാലത്ത് ഡോസ് പൂർത്തിയാക്കാത്തവർക്ക് ഇത് ഇപ്പോഴെടുക്കാം.
മറ്റ് പ്രധാന വാക്സിനുകൾ
ചിക്കൻ പോക്സ് വരാത്ത മുതിർന്നവർ വാക്സിൻ എടുക്കുന്നത് ന്യൂമോണിയ പോലുള്ള ഒഴിവാക്കാൻ നല്ലതാണ്. കൂടാതെ ന്യൂമോകോക്കൽ, മെനിഞ്ചോകോക്കൽ വാക്സിനുകൾ ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയെ പ്രതിരോധിക്കാൻ പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും ഇത് അത്യാവശ്യമാണ്.
വിദേശയാത്ര നടത്തുന്നവർ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, ജാപ്പനീസ് എൻസെഫലൈറ്റിസ്, യെല്ലോ ഫീവർ തുടങ്ങിയ വാക്സിനുകൾ ലക്ഷ്യസ്ഥാനത്തിന് അനുസൃതമായി സ്വീകരിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

