
യു.ഡി.എഫിനകത്തെ വർഗീയ ധ്രുവീകരണത്തെയും സീറ്റ് വിഭജനത്തിലെ അശാസ്ത്രീയതയെയും തുറന്നുകാട്ടുന്ന കത്തുമായി കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ. ഡി.വി വിനോദ് കൃഷ്ണ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരു മതാധിഷ്ഠിത പാർട്ടിയെന്ന നിലയിൽ നിന്ന് മാറി മതേതര മുഖം സ്വീകരിക്കണമെന്നും, അവർ മത്സരിക്കുന്ന സീറ്റുകളിൽ 25 ശതമാനമെങ്കിലും ഇതര മതസ്ഥരെ പരിഗണിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. വലതുപക്ഷ രാഷ്ട്രീയത്തിലെ ‘സീറ്റ് കച്ചവട’ തന്ത്രങ്ങളെയും അതിലൊളിഞ്ഞിരിക്കുന്ന വർഗീയ താത്പര്യങ്ങളെയും വിനോദ് കൃഷ്ണയുടെ കത്ത് കൃത്യമായി അടയാളപ്പെടുത്തുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് തുറന്ന കത്ത് പങ്കുവച്ചത്
കേരളത്തിലെ 27 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ്, തങ്ങൾക്ക് ലഭിക്കുന്ന സീറ്റുകളിൽ നൂറ് ശതമാനവും മുസ്ലിം സ്ഥാനാർത്ഥികളെ മാത്രം നിർത്തുന്നത് വഴി കോൺഗ്രസിലെ അർഹരായ മുസ്ലിം യുവാക്കളുടെ അവസരം ഇല്ലാതാക്കുകയാണെന്ന് വിനോദ് കൃഷ്ണ കുറ്റപ്പെടുത്തുന്നു. 95 മുതൽ 100 വരെ സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന് വെറും 10 സീറ്റുകളിൽ താഴെ മാത്രമേ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്താൻ കഴിയുന്നുള്ളൂ. ഇത് യു.ഡി.എഫിനുള്ളിലെ അസ്വാഭാവികമായ സീറ്റ് കുത്തകയെയാണ് കാണിക്കുന്നത് എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ALSO READ : നവി മുബൈയിൽ യാത്രക്കിടെ ഊബർ ഡ്രൈവറെ കൊലപ്പെടുത്തി; എഞ്ചിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ബഹുമാന്യ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃത്വത്തിനു മുന്‍പാകെ,
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി അഡ്വ. ഡി വി വിനോദ്കൃഷ്ണ സമര്‍പ്പിക്കുന്ന തുറന്ന കത്ത്, കേരള രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന രാഷ്ട്രീയ സംഘടനാ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന ഘടകകക്ഷി ആണല്ലോ ? കേരളത്തിന്റെ ഭരണചരിത്രത്തില്‍ മുഖ്യമന്ത്രി പദം വരെ അലങ്കരിക്കുവാന്‍ അവസരം കിട്ടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. നിരവധി യു.ഡി.എഫ്. സര്‍ക്കാരുകളില്‍ പ്രധാനപെട്ട മന്ത്രി സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, കേന്ദ്രത്തില്‍ യു പി എ സഖ്യത്തില്‍ മന്ത്രി സ്ഥാനം വരെ അലങ്കരിക്കുകയും ചെയ്ത മഹത്തായ പ്രസ്ഥാനം പലപ്പോഴും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തിട്ടുണ്ട്.
കോണ്‍ഗ്രസിനകത്ത് ആഭ്യന്തരകലാപം മൂര്‍ച്ഛിച്ച് ലീഡര്‍ ശ്രീ. കെ. കരുണാകരന്‍ നേതൃസ്ഥാനം മാറി ബഹു. എ.കെ. ആന്റണി സാര്‍ നേതൃസ്ഥാനത്ത് വന്ന് കേരള മുഖ്യമന്ത്രിയായി വന്നപ്പോള്‍ ലീഗ് സുരക്ഷിത സീറ്റ് നല്‍കി ജയിപ്പിച്ചതും മറക്കുവാന്‍ കഴിയുന്നതല്ല. വയനാട്ടില്‍ ശ്രീ. രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും, പ്രിയങ്ക ഗാന്ധി മത്സരിച്ചപ്പോഴും നല്‍കിയ പിന്തുണയും വിസ്മരിക്കുവാന്‍ കഴിയുന്നതല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊക്കെ ചെയ്യുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് ജനം പറയാതിരിക്കാന്‍ കാലഘട്ടത്തിനനുസരിച്ച് ലീഗും മാറണം ലീഗിന്റെ ചിന്തകളും മാറണം.
ALSO READ : പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ വിചാരണ ആരംഭിച്ചു
അത്തരമൊരു പ്രസ്ഥാനം വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം മനസിലാക്കി കേരളത്തില്‍ മറ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് പ്രചോദനം ആകാതെയും, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും മറ്റൊരു ചരിത്രപരമായ തീരുമാനം കൂടി എടുക്കുവാന്‍ മനസ്സ് കാട്ടണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു. യു ഡി എഫ് സംവിധാനത്തില്‍ മുസ്ലിംലീഗിന് കിട്ടുന്ന സീറ്റുകളില്‍ 25 % സീറ്റുകള്‍ മറ്റ് സമുദായങ്ങളില്‍ നിന്നുമുള്ള നിങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാനുള്ള മഹാമനസ്‌കത കാട്ടി കേരള രാഷ്ട്രീയത്തില്‍ ലീഗ് മാതൃകയാകണം.
ലീഗിന് കിട്ടുന്ന സീറ്റുകളില്‍ നൂറ് ശതമാനവും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രം പരിഗണിക്കുമ്പോള്‍ യു ഡി എഫ് സംവിധാനം എന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നും കഴിവുറ്റ മുസ്ലിം ചെറുപ്പക്കാരുടെ അവസരം നിഷേധിക്കപ്പെടുന്നു. അതായത് 95-നും 100-നും ഇടയ്ക്ക് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ആകെ ജനസംഖ്യയില്‍ 27% വരുന്ന മുസ്ലിം സമുദായത്തില്‍ നിന്നും കേവലം 10 സീറ്റുകളില്‍ താഴെ മാത്രമേ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ കഴിയുന്നുള്ളു. ആയതിനാല്‍ 25% സ്ഥാനാര്‍ഥികളെ മറ്റ് സമുദായങ്ങളില്‍ നിന്ന് ലീഗ് ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിലെ കഴിവുറ്റ മുസ്ലിം ചെറുപ്പക്കാര്‍ക്ക് കൂടി അവസരം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും.
ALSO READ : കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
ലീഗ് മതാധിഷ്ട്ടിത പാര്‍ട്ടി എന്ന ചട്ടക്കൂട്ടില്‍ നിന്നും മതേതര പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലേയ്ക്ക് മാറാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളില്‍ മറ്റു മതസ്ഥരെ മത്സരിപ്പിക്കുന്നത് പ്രസ്തുത സീറ്റുകള്‍ അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ ജനറല്‍ സീറ്റുകളായി മാറുമ്പോള്‍ ലീഗിന് തന്നെ കൈവശപ്പെടുത്താനാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവര്‍ക്കും അറിയാം. ഇത്തരം കപടത ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന രീതിയില്‍ ലീഗിന് ഉചിതമല്ല. ആയതിനാല്‍ അസംബ്ലി സീറ്റുകളിലാണ് പ്രധാനമായും മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കേണ്ടത്. മറ്റു മതവിഭാഗങ്ങളുടെ വോട്ടും കൂടി വാങ്ങിയാണ് നിങ്ങള്‍ മത്സരിച്ചു ജയിച്ചു വരുന്നത് എന്ന വസ്തുത മറക്കരുത്.
ആയതിനാല്‍ മറ്റു മതവിഭാഗങ്ങളില്‍ നിന്ന് വോട്ടു വാങ്ങുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആ വിഭാഗങ്ങളെ കൂടി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടതാണ്.
മതേതര സങ്കല്പം വാക്കുകളില്‍ കൂടി മാത്രമല്ല പ്രവൃത്തിയില്‍ക്കൂടി നടപ്പിലാക്കിയാല്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് മതേതരത്വത്തിന്റെ ഔന്നത്യത്തില്‍ എക്കാലവും നിലനില്‍ക്കുവാന്‍ സാധിക്കും. മാത്രമല്ല എസ് എൻ ഡി പി യും സംഘപരിവാര്‍ ശക്തികളും ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ആക്ഷേപങ്ങളില്‍ നന്നും രക്ഷനേടുവാനും ഈ മഹത്തായ പ്രവൃത്തിയിലൂടെ ലീഗിന് കഴിയുകയും ചെയ്യും.
എന്ന്
വിനയത്തോടെ
അഡ്വ. ഡി വി വിനോദ്കൃഷ്ണ
മുന്‍ സെക്രട്ടറി,
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി
തിരുവനന്തപുരം
04/02/2026
പകര്‍പ്പ്:
- ബഹു: പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ്.
- സംസ്ഥാന ഭാരവാഹികള്‍, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി
- എം.പി. മാര്‍ (മുസ്ലിം ലീഗ്)
- പ്രസിഡന്റ് (കെ.പി.സി.സി.)
- പ്രതിപക്ഷ നേതാവ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

