
തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് നടത്തിയ വാർത്താസമ്മേളനം അപഹാസ്യവും വസ്തുതാവിരുദ്ധവുമാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.പി. ദീപക്.
കേരളത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ വർഷങ്ങളായി തൊഴിൽ തേടി എത്തുന്നവരാണ്. ഇവരെ ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ നിർത്തുകയും നുഴഞ്ഞുകയറ്റക്കാരെന്ന തരത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നത് ഭരണഘടനാപരമായ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണെന്ന് എസ്പി ദീപക് പറഞ്ഞു. രാജ്യസുരക്ഷ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തൊഴിലാളി ക്യാമ്പുകൾ പരിശോധിക്കുന്നതെന്നും മേയർ പറയുന്നുണ്ട്. എന്നാൽ അത്തരം രഹസ്യവിവരങ്ങൾ മേയർക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസുരക്ഷ, നിയമ-സമാധാന പാലനം, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സംവിധാനത്തിന്റെയും പരിധിയിലാണ്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ, ക്ഷേമം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ നിരീക്ഷിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് തൊഴിൽ വകുപ്പും തൊഴിൽ മന്ത്രാലയവുമാണ്. ഇക്കാര്യങ്ങളിൽ അധികാരമില്ലാത്ത മേയർ അനാവശ്യ പ്രസ്താവനകൾ നടത്തി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.
also read; ‘ആരാധനാലയത്തിലെ ആർഎസ്എസ് അക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല’: കെപി ഉദയഭാനു
കേരളം തൊഴിലാളികൾക്ക് ഏറ്റവും മികച്ച വേതനവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്ന സംസ്ഥാനമാണ്. അത് സാധ്യമാക്കിയത് ഇടതുപക്ഷ സർക്കാരുകളുടെ തൊഴിലാളി അനുകൂല നയങ്ങളാണ്. അതേസമയം, രാജ്യത്ത് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്ര സർക്കാർ തൊഴിലില്ലായ്മ വർധിപ്പിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു. ഓടകളും തോടുകളും ശുചീകരിക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. നഗരവാസികൾ രോഗഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്.
മാലിന്യനീക്കം കാര്യക്ഷമമായി നടക്കാത്തതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളും ദുർഗന്ധപൂരിതമായി മാറിയിരിക്കുകയാണ്. മഴക്കാല മുന്നൊരുക്കങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ നടപടികൾ എന്നിവയിൽ നഗരസഭയും മേയറും സമ്പൂർണ പരാജയമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ട ഭരണനേതൃത്വം അതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളുമായി രംഗത്തിറങ്ങുകയാണ്.
തിരുവനന്തപുരത്തെ വാഴോട്ടുകോണം വാർഡിലെ കൗൺസിലർ സുഗതനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റിയ സംഭവത്തിന്റെ നാണക്കേട് മറച്ചുവെക്കാനാണ് മേയർ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതെന്ന സംശയം ശക്തമാണ്. കൂടാതെ ജൂൺ 15-ന് എൽ.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമായും ഈ വാർത്താസമ്മേളനത്തെ കാണേണ്ടിവരും.
ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രസ്താവനകൾ നടത്തുന്നതിന് പകരം നഗരത്തിലെ പൊതുജനാരോഗ്യ പ്രതിസന്ധി പരിഹരിക്കാനും, മാലിന്യനീക്കം കാര്യക്ഷമമാക്കാനും, മഴക്കാല രോഗവ്യാപനം തടയാനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ മേയർ തയ്യാറാകണമെന്ന് അഡ്വ. എസ്.പി. ദീപക് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

