ഒച്ച് ശല്യം രൂക്ഷമോ? തുരത്താം ഈ മാർഗങ്ങളിലൂടെ

മഴക്കാലം ആരംഭിച്ചതോടെ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) വ്യാപകമായ സാന്നിധ്യം കാണപ്പെടുന്നുണ്ട്. ആഫ്രിക്കൻ ഒച്ചുകൾ വിള നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാൽ ഇവയെ വളരെ ശ്രദ്ധാപൂർവ്വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്ന പോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ.

വാഴ, കിഴങ്ങ് വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ്ഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷിക വിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെ കൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേ ജീവിയിൽ തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളിൽ ഏഴ് മുതൽ പത്ത് വർഷം വരെ ജീവിക്കുന്ന ഇവയുടെ വംശവർദ്ധനവ് ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും. ഇവയുടെ ഷെൽ നിർമ്മിതിയ്ക്ക് കൂടിയ അളവിൽ കാത്സ്യം ആവശ്യമായതിനാലാണ് മതിലുകൾ, ചുമരുകൾ, സിമന്റു തേച്ച സ്ഥലങ്ങൾ മുതലായ ഇടങ്ങളിൽ കൂട്ടമായി കാണപ്പെടുന്നത്.

Also read: എപ്പോഴും ഐസ് കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ അറിയാം

നിയന്ത്രണ മാർഗ്ഗങ്ങൾ ഇങ്ങിനെ:

  • ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, കാടുകയറി കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക.
  • രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ച ശേഷം പുറത്ത് വയ്ക്കുക. ഇവയിലേയ്ക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ വളമായും മാറും.
  • ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം. • മണ്ണിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത്, അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവ ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുക. ഇതിലേയ്ക്ക് ആകർഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ചതിന് ശേഷം കുഴി മൂടുക. • 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം. പറമ്പുകളിലാണെങ്കിൽ 10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കുക.
  • മഴ മാറി വേനൽ തുടങ്ങുമ്പോൾ ഒച്ചുകൾ മണ്ണിനടിയിൽ സുഷുപ്താവസ്ഥയിലേക്കു പോകുകയും പിന്നീട് വീണ്ടും മഴ ആരംഭിക്കുമ്പോൾ കൂട്ടമായി പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. അതിനാൽ മഴക്കാലം കഴിയുമ്പോൾ തന്നെ മണ്ണിളക്കി കൊടുത്താൽ ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിച്ചു പോവുകയും, അടുത്ത മഴക്കാലത്ത് ഇവയുടെ വംശവർദ്ധനവ് നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News