
കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് തുടങ്ങി. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ട്രക്കിംഗ്. മൂന്നു ദിവസം വേണ്ടിവരും ട്രക്കിംഗ് പൂർത്തിയാക്കാൻ. ബോണക്കാട്-അതിരുമല ആദ്യ ദിവസം, അതിരുമല-അഗസ്ത്യാർകൂടം-അതിരുമല രണ്ടാം ദിവസം, അതിരുമല-ബോണക്കാട് മൂന്നാം ദിവസം.
ട്രക്കിംഗ് ഫീസ് ഒരാൾക്ക് 4000 രൂപയാണ്. 2, 5, 10 എന്നിങ്ങനെ ഗ്രൂപ്പ് ബുക്കിംഗേയുള്ളൂ. മിനിമം 2 പേർ വേണം. പ്രായപൂർത്തി ആയവർക്ക് മാത്രമേ പ്രവേശനമുള്ളൂ. പോകുന്ന എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ബുക്ക് ചെയ്താലും അതാതു ദിവസത്തെ കാലാവസ്ഥയും മറ്റു പ്രത്യേകതളും അനുസരിച്ച് പ്രോഗ്രാം ഒരു മുന്നറിയിപ്പുമില്ലാതെ ക്യാൻസൽ ചെയ്യാൻ സാധ്യതയുണ്ട്.
ഏഴ് മലകളും ഏഴ് പുഴകളും കടന്നു വേണം ബോണക്കാട് നിന്ന് അതിരുമല ബേസ് ക്യാമ്പിൽ എത്തുവാൻ. അത്രയും ദൂരം നിങ്ങളുടെ സാധനങ്ങൾ നിങ്ങൾ തന്നെ ചുമക്കേണ്ടി വരും. അതുകൊണ്ട് ഏറ്റവും ഭാരം കുറഞ്ഞ, അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്താൽ മതിയാകും. അതിരുമല ബേസ് ക്യാമ്പിൽ പുതച്ചു കിടന്ന് ഉറങ്ങണമെങ്കിൽ പുതപ്പ് കരുതണം. കയറ്റിറക്കങ്ങളിൽ പലയിടത്തും സ്ലിപ് ചെയ്യാൻ സാധ്യതയുള്ളതിനാൽ നല്ല ഗ്രിപ്പുള്ള നിങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കണം.
കുടിക്കാൻ ധാരാളം വെള്ളം കരുതണം. ബോട്ടിൽ വാട്ടർ മാത്രം കുടിച്ചു ശീലിച്ചവർ ബുദ്ധിമുട്ടും. അല്ലാത്തവർക്ക് ഒരു പുഴ മുതൽ അടുത്ത പുഴ വരെയുള്ള വെള്ളം കരുതിയാൽ മതി. ഡ്രൈ ഫ്രൂട്സ്, നട്സ്, കപ്പലണ്ടി മിഠായി തുടങ്ങിയവ കരുതിയിരിക്കുന്നത് നല്ലതാണ്. മസിൽ പെയിനിനു പറ്റിയ സ്പ്രേയോ, തൈലമോ, കുഴമ്പോ ഒക്കെ കരുതിയിരിക്കുന്നതും നല്ലതാണ്.
തിരുവനന്തപുരം മുതൽ ബോണക്കാടുവരെയുള്ള യാത്രയ്ക്ക് സ്വന്തം വാഹനമുള്ളതാണ് നല്ലത്. ടെക്കികളായ യുവതീയുവാക്കളാണ് കൂടുതലും അഗസ്ത്യമല ട്രക്കിംഗിന് എത്തുന്നത്. സൂര്യോദയത്തിന് ബോണക്കാട് എത്തിച്ചേരുന്നതാണ് നല്ലത്. 14 കിലോമീറ്റർ സാവധാനം നടന്നു കയറുന്നതിനുള്ള അവസരം കിട്ടും. ഓൺലൈൻ ബുക്കിംഗ് മാത്രമേയുള്ളൂ. ബുക്കിംഗിന് tvmwildlife.com എന്ന സൈറ്റ് സന്ദർശിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here