
യാത്രക്കിടെ ട്രാഫിക്കിൽ പെട്ടുപോയാൽ പിന്നെ അന്നത്തെ ദിവസമേ പോയെന്ന് കരുതുന്നവരാണ് നമ്മൾ. പലപ്പോഴും ട്രാഫിക്കിൽ പെടാതിരിക്കാൻ യാത്ര കഴിയുന്നതും നേരത്തെ ആക്കുന്നവരും ഉണ്ട്. എന്നാൽ, പത്ത് മിനിറ്റ് ട്രാഫിക്കിൽ കുടുങ്ങിക്കിടന്നത് ജീവൻ തന്നെ രക്ഷിച്ചാലോ? അവിശ്വസനീയമാണ് ഭൂമി ചൗഹാന്‍റെ ദുരന്തത്തിൽ നിന്നുള്ള രക്ഷപ്പെടൽ. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇന്നലെ അഹമ്മദാബാദിൽ സംഭവിച്ചത്. 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. എന്നാൽ വിമാനത്തിൽ കയറാനാകാത്തതിനാൽ ഒരാൾ കൂടി രക്ഷപെട്ടു; ആ യുവതിയാണ് ഭൂമി ചൗഹാൻ.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഭൂമി ട്രാഫിക്കിൽ കുടുങ്ങിപ്പോവുകയായിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴേക്കും പത്ത് മിനിറ്റ് വൈകിയതിനാൽ വിമാനത്തിൽ കയറാനായില്ല. സമയം വൈകിയതും സുരക്ഷാകരങ്ങളും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഭൂമിയെ ബോർഡ് ചെയ്യാൻ അനുവദിക്കാതെ ഇരുന്നത്.
ALSO READ; ഭാര്യയുടെ അന്ത്യാഭിലാഷത്തിനായി ജന്മനാട്ടിലെത്തി, കുഞ്ഞുപെണ്‍മക്കളെ തനിച്ചാക്കി അര്‍ജുന്‍ യാത്രയായി
“ഉച്ചയ്ക്ക് 1.10 ന് വിമാനം പറന്നുയരേണ്ടതായിരുന്നു. ബോർഡിംഗ് നടപടിക്രമങ്ങൾ ഉച്ചയ്ക്ക് 12.10 ന് അവസാനിച്ചു, ഞാൻ എത്തിയത് 12.20 നായിരുന്നു. എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഞാൻ അഭ്യര്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല’ – ഭൂമി പറയുന്നു. തുടർന്ന് വിഷമത്തോടെ വിമാനത്താവളത്തിൽ തിരികെ പോകുമ്പോഴാണ് ഞെട്ടിക്കുന്ന അപകട വാർത്ത കേട്ടതെന്നും ഭൂമി കൂട്ടിച്ചേർത്തു.
‘ഞാൻ വിറക്കുകയാണ്, സംസാരിക്കാനാകുന്നില്ല. അപകട വാർത്ത കേട്ടതിന് ശേഷം മനസ് ശൂന്യമാണ്’ എന്നാണ്ഭൂമി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചത്. ലണ്ടനിൽ ഭർത്താവിന്റെ അടുത്തേക്ക് പോകാനാണ് ഭൂമി വിമാനത്താവളത്തിൽ എത്തിയത്. അപകടത്തിൽ മലയാളി യുവതിയടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേരും 24 പ്രദേശവാസികൾക്കുമാണ് ജീവൻ നഷ്ടമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here