
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂണ്‍ 12-ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു. 260 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറുപേരെ മുഖം കണ്ടുമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ തിരിച്ചറിയല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
അതേസമയം, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി.ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്. എയർ ഇന്ത്യ ദുരന്തം ആഘാതമേല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് വിപിഎസ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീറിന്റേത്.
ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയപ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നുള്ള രാകേഷ് ഗോബർഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here