
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം എന്‍ജിനിലേക്കുളള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫായതാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന ഒഴുക്ക് നിലച്ചതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെടുകയും അപകടത്തിനും കാരണമായി. യുഎസ് വ്യോമയാന സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് വാര്‍ത്ത പുറത്തുവിട്ടത്. 275 പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം സംഭവിച്ച് നാളെ ഒരു മാസം തികയുമ്പോള്‍ കൃത്യമായ കാരണം ഇപ്പോഴും വ്യോമയാന മന്ത്രാലയത്തിന് കണ്ടെത്തായിട്ടില്ല.
അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് യുഎസ് വ്യോമയാന സുരക്ഷാ വിദഗ്ധരും അന്വേഷത്തിന്റെ ഭാഗമായിരുന്നു. ഈ വിദഗ്ധരെ ഉദ്ധരിച്ചാണ് എന്‍ജിനിലേക്കുളള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ ദിനപത്രമായ ദി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫായതോടെ രണ്ട് എന്‍ജിനിലേക്കുമുളള ഇന്ധന ഒഴുക്ക് നിലയ്ക്കുകയും വിമാനത്തിന്റെ ഉയര്‍ന്ന് പറക്കാനുളള ശേഷി അഥവാ ത്രസ്റ്റ് നഷ്ടപ്പെടുകയും ചെയ്തു.
ആം എയര്‍ ടര്‍ബൈന്‍ ആക്ടിവിഷനിലൂടെയാണ് ഈ നിഗമനം എന്നും വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വിച്ച് ഓഫായത് അബദ്ധത്തിലാണോ മനപൂര്‍വ്വമാണോയെന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തതയില്ല. സ്വിച്ചുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുവെന്ന് നേരത്തേ റോയിട്ടേഴ്‌സും വാര്‍ത്ത പുറത്തുവിട്ടിരുന്നു. ദ എയര്‍ കറന്റ് എന്ന വ്യോമയാന പ്രസിദ്ധീകരണത്തിലും സ്വിച്ചുകളിലെ സ്ഥാനചലനം സംബന്ധിച്ചാണ് പ്രതിപാദിച്ചിരുന്നത്. ഫ്‌ളൈറ്റ് ഡാറ്റ, കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയുടെ പരിശോധനയിലും സ്വിച്ച് ഓഫായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈസ്വിച്ചുകള്‍ പെട്ടെന്ന സ്ഥാനചലനം ഉണ്ടാക്കാനാകില്ലെന്നാണ് യുഎസ് വ്യോമയാന സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറിയ ഒരു നീക്കംകൊണ്ട് അനങ്ങുന്നതല്ല ഇവ. ഇവയില്‍ ഒന്ന് അമരുന്ന പക്ഷംതന്നെ വിമാനത്തിലെ വൈദ്യുതി നഷ്ടമാകുകയും ചെയ്യും. വിമാനത്തിന് മറ്റ് സാങ്കേതികത്തകരാറൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സംശയം ബലപ്പെടുകയാണ്. 275 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് നാളെ ഒരു മാസം പൂര്‍ത്തിയാകും. എയര്‍ക്രാഫ്റ്റ് ആക്ഡിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ രണ്ട് പേജുളള പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചെങ്കിലും വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 30 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗൈനേഷനും കാരണം വ്യക്തമാക്കിയിട്ടില്ല. ബ്ലാക്ക് ബോക്‌സുകള്‍ ഉള്‍പ്പെടെ വീണ്ടെടുത്തിട്ടും അപകട കാരണം കണ്ടെത്താനാവാത്തത് കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

