എഐയിലൂടെ തൊഴിലാളിയനുകൂല ലോകപിറവി സാധ്യമാണ്, പക്ഷേ…

ai

ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റര്‍ ശ്രദ്ധയില്‍ പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ മൂത്താല്‍ അത് സോഷ്യലിസത്തിലേക്കുള്ള വഴി തുറക്കുമെന്നും മുതലാളിത്തത്തിന്റെ ഉത്പന്നം വാങ്ങാന്‍ ആളില്ലാതാവുകയും ചെയ്യുമെന്ന എംവി ഗോവിന്ദൻ മാസ്റ്ററുടെ നിരീക്ഷണത്തെ ട്രോളിവിടുന്ന കുറേ ലിങ്കുകളും കണ്ടു. അദ്ദേഹത്തിന്റെ നിരീക്ഷണത്തെ ശരിയാണെന്ന് പറയാനോ തള്ളിപ്പറയാനോ ഉള്ള രാഷ്ട്രീയ അറിവോ മാര്‍ക്‌സിസത്തെ വിവിധ മേഖലയില്‍ എങ്ങനെ സംയോജിപ്പിച്ചു വ്യാഖ്യാനിക്കാം എന്നുള്ള അഗാധ അറിവോ ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചു ചില വിശദീകരണങ്ങളോട് ഭാഗികമായി യോജിക്കുകയും ചെയ്തു AI-യെ കുറിച്ച് എനിക്ക് തോന്നുന്ന അഭിപ്രായം ഇവിടെ കുറിക്കുന്നു.

21-ാം നൂറ്റാണ്ടിലെ ഏറ്റവും പരിവര്‍ത്തനാത്മകമായ സാങ്കേതികവിദ്യ വികാസങ്ങളിലൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഞാന്‍ AI-യെ ഒരു നിഷ്പക്ഷ സംവിധാനം ആയി കാണുന്നില്ല. അത് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല എങ്കിലും അതിന് ഒരു മുതലാളിത്ത സ്വഭാവമുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. മിക്ക AI-യുടെ വരവിനും പിറകില്‍ ഉള്ള ലക്ഷ്യം മനുഷ്യക്ഷേമത്തേക്കാള്‍ ലാഭലക്ഷ്യങ്ങളാണ്. AI അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഓട്ടോമേഷന്‍ നിരവധി തൊഴിലുകള്‍ക്ക് ഭീഷണിയാണ്. പ്രത്യേകിച്ച് നിര്‍മാണം, ലോജിസ്റ്റിക്‌സ്, അറിവ് അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍. ചില ഉദാഹരണം പറയാം;

Read Also: മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ; ജീവനക്കാർക്ക് നോട്ടീസയച്ച് കമ്പനി

ഞാന്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നൊരാള്‍ ആയതുകൊണ്ട് അതില്‍ നിന്നൊരു ഉദാഹരണം ആദ്യം പറയാം. റേഡിയോളജിസ്റ്റുകളേക്കാള്‍ കൃത്യമായി സ്തനാര്‍ബുദം കണ്ടെത്താന്‍ കഴിയുന്ന AI മോഡലുകള്‍ Google’s DeepMind and IBM Watson Health വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു പഠനത്തില്‍, ഡീപ്പ് മൈന്‍ഡിന്റെ AI സിസ്റ്റം തെറ്റായ പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങുകള്‍ 5.7% ഉം തെറ്റായ നെഗറ്റീവുകള്‍ 9.4% ഉം കുറച്ചു. അതായത് തെറ്റായ രോഗനിര്‍ണയം കുറയ്ക്കുകയും രോഗികള്‍ക്ക് കൃത്യമായ മെച്ചപ്പെട്ട ചികിത്സ കിട്ടുകയും ചികിത്സയുടെ ഗുണം മെച്ചപ്പെടുത്തുകയും ചെയ്തു. ഇമേജുകള്‍ (slide, CT, MRI), ലാബ് ഫലങ്ങള്‍, രോഗിയുടെ ഡാറ്റ എന്നിവ ഉയര്‍ന്ന കൃത്യതയോടെ വിശകലനം ചെയ്യാന്‍ AI-ക്ക് കഴിയും. ഇത് രോഗം നേരത്തേ കണ്ടെത്തുന്നതിന് സഹായിക്കുന്നു. എന്നാല്‍, ഇത് ചില മെഡിക്കല്‍ പ്രൊഫഷണലുകളുടെ ആവശ്യകത കുറച്ചേക്കാം. പ്രത്യേകിച്ച് റേഡിയോളജി, പാത്തോളജി പോലുള്ള രോഗനിര്‍ണയ മേഖലകളില്‍.

Tesla-യുടെ AI അധിഷ്ഠിത ഗിഗാഫാക്ടറികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ മെഷീന്‍ ലേണിംഗും ഓട്ടോമേഷനും ഉപയോഗിക്കുന്നു. ബാറ്ററി ഉത്പാദനം, അസംബ്ലിങ്, ഉത്പാദന മാറ്റങ്ങള്‍ക്ക് അനുസരിച്ചു സ്വയം മനസ്സിലാക്കി പ്രവര്‍ത്തനം മാറുന്ന റോബോട്ടുകള്‍ time wastage കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ AI-യും റോബോട്ടുകളും ഈ മേഖലയില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി മാറുകയും വന്‍തോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Also Read: ആരാണ് ലുവോ ഫുലി ? ആഗോള വിപണി വിറപ്പിച്ച ഡീപ്‌സീക്കിലെ പെൺപുലി

Finance, supply chain, human resources, customer care തുടങ്ങിയ വിവിധ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്ന Enterprise Resource Planning (ERP) സോഫ്റ്റ്‌വെയര്‍ മേഖലയിലും ഇപ്പോള്‍ AI powered ആപ്ലിക്കേഷന്‍സ് വികസിച്ചിട്ടുണ്ട്. SAP S/4HANA, Oracle NetSuite, Microsoft Dynamics 365 തുടങ്ങിയ AI-powered ERP സിസ്റ്റങ്ങള്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെയും ട്രെന്‍ഡുകള്‍ പ്രവചിക്കുന്നതിലൂടെയും തീരുമാനമെടുക്കല്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ഉദാഹരണത്തിന് ഓട്ടോമേറ്റഡ് ഡാറ്റ എന്‍ട്രി & പ്രോസസ്സിംഗ്, ഇന്‍വോയ്സിങ്, പേറോള്‍ റെക്കോര്‍ഡുകള്‍ എന്നിവ വിശകലനം ചെയ്യുന്ന ജോലികളില്‍ നിന്ന് manual ആയി ചെയ്യേണ്ടുന്ന പല ജോലികളും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. പ്രെഡിക്റ്റീവ് അനലിറ്റിക്സ് (eg : stock shortages) ഇന്റലിജന്റ് ചാറ്റ്ബോട്ടുകളും വെര്‍ച്വല്‍ അസിസ്റ്റന്റുമാരും ഒക്കെ തന്നെ മനുഷ്യരുടെ ആവശ്യകതയും മനുഷ്യ പ്രയത്‌നം കുറയ്ക്കുകയും ചെയ്യുന്നു. അക്കൗണ്ടന്റുമാര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ എന്നിവരുടെയൊക്കെ തൊഴില്‍ നഷ്ടത്തിന് ഇത് കാരണമായേക്കാം.

അതായത് മുകളില്‍ പറഞ്ഞ പലതും (ചിലത് മനുഷ്യ ഗുണം മാത്രം ഉദ്ദേശിച്ചുള്ളത് ആണ് എന്ന് കരുതാം) മുതലാളിത്ത വ്യവസ്ഥയുടെ കീഴില്‍, മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനല്ല, മറിച്ച് ലാഭം പരമാവധിയാക്കുന്നതിനാണ് AI പ്രധാനമായും വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നത്. ലാഭത്തെ അടിസ്ഥാനമാക്കിയുള്ള ഈ യുക്തിക്ക് മനുഷ്യന്റെ അധ്വാനത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട് എന്നത് വ്യക്തം. ഗിഗ് ഇക്കണോമി എന്ന ഷോര്‍ട്ട്-ടേം, ഫ്ലക്‌സിബിള്‍, ഫ്രീലാന്‍സ് അല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ജോലികളെ സൂചിപ്പിക്കുന്ന സങ്കീര്‍ണമായ തൊഴില്‍ വ്യവസ്ഥയിലേക്ക് ഈ ലോകം മാറുന്നതിന്റെ വേഗത കൂട്ടും എന്നാണ് കരുതുന്നത്. ഗിഗ് ഇക്കണോമി മൂലധനത്തിന്റെ, ചൂഷണത്തിന്റെ ഒരു പുതിയ രൂപമാണ്. ഇത് തൊഴിലാളികളെ വിപണിയുടെ ചങ്ങലയില്‍ കൂടുതല്‍ അമര്‍ത്തി കെട്ടിയിടുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും സുരക്ഷ കുറയ്ക്കുകയും ചൂഷണത്തിനും കുറഞ്ഞ വേതനത്തിനും ജോലി സുരക്ഷയില്ലായ്മക്കും കാരണമാകുന്നു. മാത്രമല്ല, മുതലാളിത്തത്തിന് കീഴിലുള്ള AI, മൂലധനത്തിന്റെ ഉടമകള്‍ക്കും തൊഴിലാളിവര്‍ഗത്തിനും ഇടയിലുള്ള വിടവ് കൂടുതല്‍ ആഴത്തിലാക്കുന്നു. ഇപ്പോള്‍ AI സിസ്റ്റങ്ങളും ഡാറ്റയും ഉള്‍പ്പെടെയുള്ള ഉത്പാദന മാര്‍ഗങ്ങള്‍ ഏതാനും സാങ്കേതിക കുത്തകകളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂട്ടായ നേട്ടത്തിനുള്ള ഒരു ഉപകരണമായിരിക്കുന്നതിന് പകരം, AI ചൂഷണത്തിന്റെയും നിയന്ത്രണത്തിന്റെയും ആയുധമായി മാറുന്നത് ഇങ്ങനെയാണ്.

ഒരു ഇടതുപക്ഷ വീക്ഷണത്തില്‍, പൊതുനന്മയ്ക്കായി AI-യെ വളരെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ആകും. ചൂഷണാധിഷ്ഠിതമായ അധ്വാനത്തിന്റെ ആവശ്യകതയില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കുകയും ആവര്‍ത്തിച്ചുള്ളതും അപകടകരവുമായ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും ജോലി സമയം കുറയ്ക്കാനും വ്യക്തികളെ സൃഷ്ടിപരവും ബൗദ്ധികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ആണ് AI യുടെ മനുഷ്യപക്ഷം ഉയരുന്നത്. അങ്ങനെയൊരു ലോകം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ! തൊഴിലാളികളെ തൊഴില്‍ഭ്രഷ്ടരാക്കുന്നതിനു പകരം, AI മനുഷ്യ അധ്വാനത്തെ പൂരകമാക്കുകയും അനാവശ്യമായ അധ്വാനത്തിന്റെ ഭാരം കുറയ്ക്കുകയും അപകടകരമായ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു AI സംസ്‌കാരം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ AI കാരണം ഉണ്ടാകുന്ന മനുഷ്യ ശേഷിയുടെ വികസനം സമൂഹത്തിന്റെ പ്രാഥമിക ലക്ഷ്യമായി മാറുന്ന ഒരു ലോകമുണ്ടാകണം. ഇത് മാര്‍ക്സിന്റെ ‘സ്വാതന്ത്ര്യത്തിന്റെ മണ്ഡലം’ എന്ന ആശയവുമായി യോജിക്കുന്നു.

AI-യെ കുറിച്ച് സംസാരിക്കുമ്പോള്‍ മാര്‍ക്‌സിന്റെ ‘സ്വാതന്ത്ര്യത്തിന്റെ ലോകം’ (Realm of Freedom), ‘ആവശ്യകതയുടെ ലോകം’ (Realm of Necessity) എന്ന ആശയം കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മാര്‍ക്‌സിന്റെ ആശയത്തില്‍, ‘ആവശ്യകതയുടെ ലോകം’ (Realm of Necessity) എന്നത് മനുഷ്യര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ (ഭക്ഷണം, വസ്ത്രം, മുതലായവ) നിറവേറ്റുന്നതിനായി നിര്‍ബന്ധിതമായി ചെയ്യേണ്ട പ്രയാസകരമായ കര്‍മങ്ങളെയാണ് സൂചിപ്പിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍, തൊഴിലാളികള്‍ ഈ system-ത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കാരണം അവര്‍ക്ക് ജീവിക്കാന്‍ ശമ്പളം ലഭിക്കുന്ന ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ മാര്‍ക്‌സിന്റെ കാഴ്ചപ്പാട് അനുസരിച്ച്, ഉല്‍പ്പാദനശേഷി വര്‍ധിക്കുകയും ക്യാപിറ്റലിസ്റ്റ് ചൂഷണം അവസാനിപ്പിക്കപ്പെടുകയും ചെയ്താല്‍, മനുഷ്യര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് (Realm of Freedom) കടക്കാനാകും. അതിനര്‍ഥം, അവര്‍ക്കു ജീവനോപാധിയെന്ന പ്രയാസത്തില്‍ നിന്ന് മോചനം ലഭിക്കുകയും അവരുടെ യഥാര്‍ഥ സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കാനാകുകയും ചെയ്യും. ഇത് സാധ്യമാകാന്‍ മാര്‍ക്‌സ് പറഞ്ഞ വഴികളില്‍ ചിലത്; Automation -ഉം അതുവഴി കുറഞ്ഞ ജോലിസമയം, മെച്ചപ്പെട്ട സാങ്കേതിക വിദ്യ അത് ഇന്നത്തെ സാഹചര്യത്തില്‍ AI ഉള്‍പ്പെടെ പുരോഗമിച്ചാല്‍, ആവശ്യമായ തൊഴില്‍ സമയത്തെ കുറയ്ക്കാന്‍ കഴിയും, അതിലൂടെ ആളുകള്‍ക്ക് കൂടുതല്‍ സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. അതായത് AI, ഓട്ടോമേഷന്‍ മുതലായവ മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ ലോകം വികസിപ്പിക്കാന്‍ സഹായകരമാകാം.

പക്ഷേ, ഈ പറഞ്ഞ AI-ഉം automation-ഉം മുതലാളിത്തത്തിന്റെ കൈവശം ഇരിക്കുന്നിടത്തോളം അതിന് സാധ്യത ഉണ്ടാവില്ല. അതിന്റെ നിയന്ത്രണം തൊഴിലാളിവര്‍ഗത്തിന് കൈവന്നാല്‍ മാത്രമേ സാധ്യമാകൂ. നവലിബറലിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ആധിപത്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ അത്തരമൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം അത്ര എളുപ്പമല്ല ! സാമ്പത്തിക, സാമൂഹിക ഘടനകളുടെ സമൂലമായ പുനര്‍വിചിന്തനം അതിന് ആവശ്യമാണ്.

ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ് AI. അത് ഒരു മുതലാളിത്ത വ്യവസ്ഥയില്‍ ചൂഷണം, അസമത്വം, അന്യവത്കരണം എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തും. എന്നാല്‍ ഇടതുപക്ഷ സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ മനുഷ്യന്റെ സുരക്ഷയും സാമൂഹിക ജീവിതവും ജോലിസമയവും കുറച്ചു അവന്റെ മെച്ചപ്പെട്ട ജീവിതത്തിന് കാരണമാകുന്ന ശക്തമായ ഒരു ഉപകരണമായി അത് മാറിയേക്കാം. മാര്‍ക്‌സ് പറഞ്ഞതുപോലെ , ‘The philosophers have only interpreted the world, in various ways; the point is to change it.’ കൂട്ടായ പ്രവര്‍ത്തനത്തില്‍ പൊതുനന്മയ്ക്കായി AI ഉപയോഗപ്പെടുത്തി നമുക്ക് ഈ ലോകത്തെ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കാം !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News