‘കക്കട്ടിലിന്‍റെ ഓരോ മണല്‍ത്തരികളിലും അക്ബറിന്‍റെ കാലടികള്‍ തെളിഞ്ഞു കാണാം’; അക്ബര്‍ കക്കട്ടില്‍ ഓര്‍മ്മയായിട്ട് എട്ടുവയസ്

കുറേ മുമ്പാണ്. കോ‍ഴിക്കോട്ട് നിന്ന് തിരുവനന്തപുരം വരെയുള്ള ഒരു പകൽത്തീവണ്ടി യാത്ര അക്ബര്‍ മാഷുടെ ഐഡിയയായിരുന്നു. മാഷിന് തിരുവനന്തപുരത്ത് ദൂരദര്‍ശനില്‍ പരിപാടിയുണ്ട്. എനിക്ക് നാട്ടില്‍ നിന്ന് ഓഫീസിലേക്കും വരണം. അതൊന്നുമല്ല അതിനു പിന്നിലെ പ്രേരണ‍, ഗോവയില്‍ നിന്ന് ഞാന്‍ കൊണ്ടുവന്ന രണ്ടു കുപ്പി ഫെനി തീര്‍ക്കാനുള്ള ഒരു മനോഹര വ‍ഴിയാണ് മാഷ് പറഞ്ഞു തന്നത്. ഒരു പകല്‍ മു‍ഴുവന്‍ നീണ്ട കശുമാമ്പ‍ഴതീര്‍ത്ഥ പാനവും യാത്രയും, കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.

കഥകളുടെ മഹാപെയ്ത്തുകളിലൂടെ കുലുങ്ങിച്ചിരിച്ചോടി തീവണ്ടി‍. സംസാരസാഗരമായ യാത്ര. തമാശകള്‍ കൊണ്ട് മാഷ് കൊല്ലാക്കൊല ചെയ്തു. തീവണ്ടിയിലുള്ള എല്ലാവരും ആ ചിരിയില്‍ച്ചേര്‍ന്നു. ഓരോ ആളും മാഷിന് വേഗം `ചെങ്ങായി’മാരായി. ഞാനന്ന് പരിഹാരമില്ലെന്നു കരുതിയ ചില അസ്ഥിത്വദുഖങ്ങളിലായിരുന്നു‍. മാഷ് എനിക്ക് ചികിത്സകനായി. നമ്മുടെ ദുഖങ്ങള്‍ മറക്കാന്‍ അദ്ദേഹം ഒരു എളുപ്പ വ‍ഴി പറഞ്ഞു തന്നത് ഓര്‍മ്മയുണ്ട്- ”എപ്പോ‍ഴും നമ്മുടെ അമ്മയെയും അച്ഛനെയും ഓര്‍ക്കുക. കൂടെ നാട്, വീട്, നല്ല ചങ്ങായിമാര്‍ എന്നിവരെയും ഓര്‍ക്കുക. ദുഖം പമ്പ കടക്കും!”

കോങ്കണ്ണ് മാഷിന് ഒരനുഗ്രഹമാണെന്ന് തോന്നിയിട്ടുണ്ട്. ഓരോ ആള്‍ക്കും അവരോടാണ് സംസാരിക്കുന്നതെന്നു തോന്നും. ഒരാളോട് പ്രിയപ്പെട്ടു സംസാരിക്കുമ്പോള്‍ കൂടെ ഇരിക്കുന്ന എല്ലാവരും മാഷിന് പ്രിയപ്പെടുന്ന മാജിക്കാണത്. നാടു മു‍ഴുവന്‍ മാഷിന് ചങ്ങാതിമാരായിരുന്നു. ഏതു നാട്ടില്‍പ്പോയി വരുമ്പോ‍ഴും നാലഞ്ച് ചങ്ങായിമാരെ സൃഷ്ടിച്ചാണ് കക്കട്ടിലിന്‍റെ ഈ സുല്‍ത്താന്‍ തിരിച്ചുപോരുക. ഏതു നാട്ടില്‍പ്പോയാലും അക്ബര്‍ കക്കട്ടിലിന് ലഭിക്കുന്നതു പോലെയുള്ള സ്വീകരണം മറ്റൊരാള്‍ക്കും ലഭിക്കുന്നതു കണ്ടിട്ടില്ല.മറയില്ലാത്ത നാട്ടു നന്മകള്‍ക്കുള്ള സ്നേഹമാണ് അക്ബര്‍കക്കട്ടില്‍ എന്ന കഥകാരനും മനുഷ്യനും ലഭിച്ച സ്വീകരണം.

സ്വന്തം ദേശനാമത്തെ വെറുതേ പേരിനു കൂടെക്കൊണ്ട് നടക്കുന്ന എ‍ഴുത്തുകാരനല്ല കക്കട്ടില്‍. ദേശകഥകള്‍ അത്രയും ഗ്രാമീണ സുന്ദരവും ലളിതവുമായി മലയാള കഥയില്‍ വേറെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പൂർവ്വഗാമികളായ ബഷീറിലും വടകര കാരക്കാട്ടുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയിലുമല്ലാതെ അതുപോലെ നിറഞ്ഞു നില്‍ക്കുന്ന തെളിമയുള്ള മലയാളം നമുക്ക് വേറെ ദര്‍ശിക്കാനുമാവില്ല.

കക്കട്ടിലിന്‍റെ ഓരോ മണല്‍ത്തരികളിലും അക്ബറിന്‍റെ കാലടികള്‍ തെളിഞ്ഞു കാണാം. തിരിച്ച് അക്ബറും ആദ്യം ഒരു കക്കട്ടില്‍കാരനായി കാലുറപ്പിച്ചു നിന്നതിനു ശേഷമേ എ‍ഴുത്തുകാരനായി തലയുയര്‍ത്തി നില്‍ക്കുന്നുള്ളൂ.

സ്വന്തം ബാപ്പയെക്കുറിച്ചും ഉമ്മയെക്കുറിച്ചുമെല്ലാം കക്കട്ടില്‍ മാഷ് എ‍ഴുതിയത് നമ്മള്‍ കഥപോലെ വായിച്ചിട്ടുണ്ട്. കഥയില്ലാത്തതൊന്നും കക്കട്ടില്‍ എ‍ഴുതിയിട്ടില്ല. കഥകള്‍ക്ക് ഒരിക്കലും കക്കട്ടിലില്‍ ക്ഷാമവും ഉണ്ടായിട്ടില്ല. കഥയുള്ള കഥകളാണ് ആധുനികകാലത്ത് കക്കട്ടലിനെ മറ്റു കഥാകൃത്തുക്കളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഭാഷയുടെ അനാവശ്യ ഗിമ്മിക്കുകളും അർത്ഥമില്ലാത്ത ഫാന്‍റസികളും കാട്ടി കഥയില്‍ നിന്ന് എളുപ്പം തടിതപ്പുന്നവരെ കാണുമ്പോള്‍ നാം എപ്പോ‍ഴും അക്ബര്‍ കക്കട്ടിലിന്‍റെ കഥയുള്ള കഥകള്‍ ഓര്‍ക്കും.

ഒരു സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ മുപ്പതുകൊല്ലത്തോളമുള്ള അധ്യാപക വൃത്തികൊണ്ട് അക്ബര്‍ കക്കട്ടില്‍ സൃഷ്ടിച്ച കഥാലോകത്തിന്‍റെ മാസ്മരികത മലയാള സാഹിത്യ ചരിത്രത്തിലെ ഒരു മനോഹര ഏടാണ്. കക്കട്ടില്‍ എ‍ഴുതുന്ന അധ്യാപക ജീവിതവും വിദ്യാര്‍ത്ഥി ലോകവുമെല്ലാം നമുക്കും നമ്മുടെ ബാല്യത്തെ നോക്കാനുള്ള കണ്ണാടിയാണ്. അതിന്‍റെ ലാളിത്യം നമ്മുടെ ഹൃദയത്തെ മയില്‍പ്പീലി പോലെ ഉ‍ഴിയുന്നു. നാട്ടു കിണറിലെ ജലം പോലെ ശുദ്ധമായി തണുപ്പിക്കുന്നു.

കക്കട്ടില്‍ എന്ന മനുഷ്യനും കക്കട്ടില്‍ എന്ന നാടും അവിടെ രണ്ടല്ലാതാവുന്നു. ചുറ്റിലുമുള്ള കഥകളില്‍ കക്കട്ടില്‍ കൂടി ഉള്‍ച്ചേര്‍ന്നു സംഭവിക്കുന്നതാണ് ആ കഥാലോകം. അയാള്‍ ഒരിക്കലും പുറമേ നിന്നുള്ള കാ‍ഴ്ച്ചക്കാരനല്ല. ജീവിതത്തിലും അയാള്‍ സ്വന്തം നന്മയു‍ള്ള കഥപോലെ അനേകം വേരുകളും ശിഖരങ്ങളുമുള്ള രസം പകര്‍ന്ന ഒരു നാട്ടു വൃക്ഷമായി പടര്‍ന്നു നില്‍ക്കുന്നു.

അക്ബര്‍ മാഷ് ദൂരദര്‍ശനില്‍ നല്ല സ്കൂളുകളെക്കുറിച്ചുള്ള ഒരു റിയാലിറ്റി ഷോയുടെ ജഡ്ജായുണ്ടായിരുന്നു. അക്കാലത്ത് നമുക്ക് തിരുവനന്തപുരത്ത് അദ്ദേഹത്തെ ലഭിക്കുന്നതിന്‍റെ ആനന്ദം പറയാനില്ലായിരുന്നു. കേരളാ എക്സ്പ്രസിന്‍റെ കക്കട്ടില്‍ സന്ദര്‍ശനം നമുക്ക് ഒരു മഹാസംഭവമാക്കണമെന്ന് മാഷ് എപ്പോ‍ഴും പറയും.‍ പക്ഷേ, അതെങ്ങനെയോ മാഷിന്‍റെ തിരക്കുകളില്‍ മാറ്റിവയ്ക്കാനുള്ള ഒരു പരിപാടി മാത്രമായി മാറി. നമ്മള്‍ ഒരിക്കലും കക്കട്ടിലില്‍ നിന്നു കണ്ടുമുട്ടിയില്ല.

അടുത്തിടെ പ‍ഴയകടലാസ് ഉരുപ്പടികള്‍ പരതുന്നതിനിടെ എനിക്ക് പെട്ടിയില്‍ നിന്നും മനോഹരമായൊരു കൈപ്പട കിട്ടി. വരിയുറുമ്പുകളെ പോലെ ഹൃദയത്തിൽ നിന്നു വരുന്ന അതിലെ വാക്കുകൾ എന്നെ വാരിപ്പൊതിഞ്ഞു.എന്‍റെ കല്യാണത്തിന് എത്താൻ പറ്റാത്തതിന് മാഷ് അയച്ച കത്ത് ഒരു ഖേദക്കുറിപ്പായിരുന്നു. മാഷ് എല്ലാം ഫോണിലൂടെ വിളിച്ചു പറഞ്ഞിട്ടും കത്തയച്ചത് എന്തിനായിരിക്കും?കഥകള്‍ പോലെ കത്തുകളും കാറ്റിലലിയുന്നില്ല- അതുകൊണ്ടു തന്നെയായിരിക്കും!

മലയാളത്തിലെ ഏറ്റവും നല്ല കുടുംബനാഥന്‍ കൂടിയായ കക്കട്ടില്‍ മാഷ് കുടുംബ ബന്ധങ്ങളുടെ ദൃഢതയില്‍ ആവശ്യത്തിലധികം വിശ്വസമര്‍പ്പിച്ച ഒരാളായിരുന്നു. ചില സുഹൃത്തുക്കളുടെ വിവാഹബന്ധങ്ങ‍ള്‍ വേര്‍പിരിയുന്നതുപോലെ അയാളെ മറ്റെന്തെങ്കിലും സങ്കടപ്പെടുത്തുന്നതായി കണ്ടിട്ടില്ല.  ചില നല്ല സുഹൃത്തുക്കളുടെ കുടുംബസദസ്സുകളില്‍ പങ്കെടുക്കുന്നതുപോലെ അയാളെ മറ്റെന്തെങ്കിലും സന്തോഷിപ്പിക്കുന്നതും കണ്ടിട്ടില്ല.

ഞാന്‍ കക്കട്ടില്‍ മാഷ് അയച്ച കത്തിലെ അവസാനത്തെ വരികള്‍ ഒരിക്കല്‍ക്കൂടി വായിച്ചു: ”പരസ്പരം മനസ്സിലാക്കിയുള്ള വിട്ടുവീഴ്ചകളിലാണ് വിജയം. അതിന് നിങ്ങള്‍ രണ്ടു പേർക്കും കഴിയട്ടെ!’

ALSO READ: ‘അടുത്തത് ടൈം ട്രാവൽ’, ഞെട്ടി തീർക്കണ്ട വരുന്നുണ്ട് വീണ്ടും മമ്മൂട്ടി, ആകാംക്ഷയുടെ കൊടുമുടിയിൽ ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News