
അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച് ‘പാവങ്ങളുടെ പടത്തലവൻ’ എന്ന പേര് അന്വർത്ഥമാക്കിയ എ.കെ. ഗോപാലൻ എന്ന എകെജിയുടെ സ്മരണകൾക്ക് മലയാളിയുടെ രാഷ്ട്രീയ ബോധ്യത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ജനങ്ങൾക്കിടയിൽ വെള്ളത്തിലെ മീനുകളെപ്പോലെ അലിഞ്ഞുചേർന്നു പ്രവർത്തിക്കണമെന്ന് വരുംതലമുറയെ പഠിപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം.
പാർലമെന്റിനെ ജനകീയ സമരങ്ങളുടെ വേദിയാക്കി മാറ്റിയ ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ എകെജി, തന്റെ ജീവിതം തന്നെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും മോചനത്തിനായി ഉഴിഞ്ഞുവെച്ചു. ആയില്യത്ത് കുറ്റിയേരി ഗോപാലൻ എന്ന അധ്യാപകൻ 22-ാം വയസ്സിൽ തന്റെ ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത് ഒരു വെളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് അന്നത്തെ സാമൂഹിക യാഥാർഥ്യങ്ങൾ ഉയർത്തിയ വെല്ലുവിളികൾ ഏറ്റെടുക്കാനായിരുന്നു.
ALSO READ : പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചു
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റനായിരുന്ന കാലം മുതൽ അമരാവതിയിലെ കുടിയിറക്കപ്പെട്ടവർക്ക് വേണ്ടിയുള്ള മരണം വരെയുള്ള നിരാഹാര സമരം വരെ എകെജിയുടെ പോരാട്ടവീര്യം കേരളം കണ്ടതാണ്. നവോത്ഥാന മൂല്യങ്ങളെ വർഗ്ഗബോധവുമായി കൂട്ടിയിണക്കിയ അദ്ദേഹം, കേരളത്തെ ഇന്നത്തെ പുരോഗമന പാതയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മഹാഗുജറാത്ത് പ്രക്ഷോഭം മുതൽ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം വരെ നീളുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അതിരുകളില്ലാത്തതായിരുന്നു. നിയമസഭയ്ക്കുള്ളിൽ മാത്രമല്ല, കോടതി മുറികളിലും അദ്ദേഹം നീതിക്കായി പോരാടി. ‘എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ്’ (കേരളം) എന്ന സുപ്രീം കോടതിയിലെ വിഖ്യാത കേസ് ഇന്നും നിയമവിദ്യാർത്ഥികൾ മനുഷ്യാവകാശ പോരാട്ടത്തിന്റെ പാഠപുസ്തകമായി പഠിക്കുന്നു.
സ്ഥാനമാനങ്ങൾക്കും പാർലമെന്ററി വ്യാമോഹങ്ങൾക്കും അടിപ്പെടാതെ, പാർട്ടിക്കുള്ളിലെ റിവിഷനിസത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഉറച്ച നിലപാടുകൾ സ്വീകരിച്ച സംഘാടകനായിരുന്നു എകെജി. അഞ്ചര പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം കപട വിപ്ലവകാരികൾക്കുള്ള തിരുത്തൽ ശക്തിയാണ്. പാവപ്പെട്ടവന്റെ കണ്ണുനീർ തുടയ്ക്കാനും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും സ്വന്തം ജീവൻ പോലും പണയം വെച്ച ആ പോരാളി ഇന്നും നീതിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് കരുത്തുപകരുന്ന പ്രകാശമായി നിലകൊള്ളുന്നു. അധികാരമോഹികൾക്ക് പേടിസ്വപ്നവും വിപ്ലവകാരികൾക്ക് നിത്യപ്രേരണയുമായ എകെജിയുടെ ഓർമ്മകൾ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മായാതെ ജ്വലിച്ചുനിൽക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

